കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി അസഫാക് ആലം കൊടുക്രിമിനലെന്നു പൊലീസ്. ഇയാള്‍ പോക്സോ കേസിലെ പ്രതിയാണെന്നും അന്വേഷണസംഘം വെളിപ്പെടുത്തി. 10 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ ജയിലിലായിരുന്നു. 2018ല്‍ ഡല്‍ഹിയിലെ ഗാസിപുര്‍ പൊലീസാണ് അസഫാക്കിനെ അറസ്റ്റ് ചെയ്തത്. ഒരു മാസം തടവില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
ഈ കേസ് സംബന്ധിച്ച് അന്വേഷിക്കുമെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ തനിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് ആലുവ റൂറല്‍ എസ്പി വിവേക് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത് അസഫാക്കാണെന്നു വ്യക്തമായി. ചോദ്യം ചെയ്യലില്‍ കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടിയെ കൊലപ്പെടുത്തിയതായി സമ്മതിച്ചു.
കുഞ്ഞിന്റെ കുടുംബം താമസിക്കുന്ന തായിക്കാട്ടുകരയിലെ കെട്ടിടത്തില്‍ പ്രതി എത്തിയതു സംഭവത്തിനു 2 ദിവസം മുന്‍പാണെങ്കിലും ആലുവയില്‍ വന്നിട്ട് 7 മാസമായി. കേരളത്തില്‍ വന്നിട്ട് 3 കൊല്ലമായെന്നാണു വിവരം. ഇയാള്‍ എവിടെയൊക്കെ താമസിച്ചിരുന്നുവെന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്.
മലയാളം അത്യാവശ്യം സംസാരിക്കും. നിര്‍മാണത്തൊഴിലാളിയാണെന്നു പറയുന്നുണ്ടെങ്കിലും പണിക്കു പോകുന്നതായി ആര്‍ക്കും അറിയില്ല. മോഷ്ടിക്കുന്ന പണം കൊണ്ടു മദ്യപിക്കുകയാണു രീതി. കടകളിലും മറ്റും ജോലി ചെയ്യുന്ന ബിഹാര്‍ സ്വദേശികളുമായി ചങ്ങാത്തമായ ശേഷം അവരുടെ താമസസ്ഥലത്തെത്തി അവിടെ സൂക്ഷിച്ചിട്ടുള്ള പണം മോഷ്ടിക്കുന്നതും പതിവാണ്.