കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ വാദങ്ങള്‍ തള്ളി മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ രംഗത്ത്. ആര്‍ഷോ മൂന്നാം സെമസ്റ്ററില്‍ പുനഃപ്രവേശനം നേടുകയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി കോളജ് പ്രിന്‍സിപ്പല്‍ ഡോ.വി.എസ്.ജോയ് വ്യക്തമാക്കി. ആര്‍ഷോ, ഫീസ് അടച്ചതിന്റെ രേഖകളും അദ്ദേഹം പുറത്തുവിട്ടു.
ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമുള്ള ഫലം ക്രമക്കേടെന്നാണ് ആര്‍ഷോ വാദിച്ചിരുന്നത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ എഴുതാത്ത പരീക്ഷയും ജയിച്ചതായുള്ള മാര്‍ക്ക്ലിസ്റ്റ് പുറത്തുവന്നതാണ് വിവാദമായത്. മഹാരാജാസ് കോളജിലെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാം ഇന്‍ ആര്‍ക്കിയോളജി ആന്‍ഡ് മെറ്റീരിയല്‍ കള്‍ചറല്‍ സ്റ്റഡീസിന്റെ മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റില്‍ ഒരു വിഷയത്തിലും ആര്‍ഷോയ്ക്കു മാര്‍ക്കോ ഗ്രേഡോ ഇല്ല. എന്നാല്‍, ‘പാസ്ഡ്’ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 23നു പ്രസിദ്ധീകരിച്ച ഫലമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.
‘എഴുതാത്ത പരീക്ഷ പാസായെന്നത് സാങ്കേതിക പിഴവ് മാത്രമാണ്. ഇതില്‍ യാതൊരുതരത്തിലുള്ള ഗൂഢാലോചനയും ഇല്ല. സോഫ്റ്റ്വെയര്‍ എന്‍ഐസിയാണ് നിയന്ത്രിക്കുന്നത്. അതില്‍ പിഴവുണ്ടെന്നത് നേരത്തെ തന്നെ രേഖാമൂലം എന്‍ഐസി ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുള്ളതാണ്. ആര്‍ഷോയെ കൂടാതെ മറ്റു പല വിദ്യാര്‍ഥികള്‍ക്കും പാസായെന്ന് വിവരം ലഭിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ഇത്തരത്തില്‍ പിഴവുകള്‍ ഉണ്ടാകാറുണ്ട്. അതത് ക്ലാസുകളിലെ കുട്ടികള്‍ അറിയുന്നതിന് വേണ്ടി നല്‍കുന്ന വിവരങ്ങള്‍ മാത്രമാണിത്. പാസ്വേര്‍ഡ് പ്രൊട്ടക്റ്റഡ് ആയ വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ നോക്കി, അവര്‍ക്ക് തെറ്റുകള്‍ തിരുത്തുന്നതിന് വേണ്ടി നല്‍കിയതാണ്.’ – അദ്ദേഹം പറഞ്ഞു.