ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധം. പ്രതിഷേധം ശക്തമാക്കിയതോടെ തുടര്‍ച്ചയായ ഏഴാം ദിവസവും പാര്‍ലമെന്റ് നടപടികള്‍ തടസപ്പെട്ടു. ഇരുസഭകളും തിങ്കളാഴ്ച വരെ പിരിഞ്ഞു.
അവിശ്വാസ പ്രമേയം ഉടന്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ലോക്സഭയില്‍ ആവശ്യപ്പെട്ടു. മണിപ്പൂര്‍ വിഷയത്തില്‍ ഒരു പടി പോലും പിന്നോട്ടില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രതിപക്ഷ പ്രതിഷേധം. സര്‍ക്കാരിന് എതിരായ അവിശ്വാസ പ്രമേയങ്ങള്‍ അംഗീകരിച്ച ഉടന്‍ ചര്‍ച്ച ചെയ്ത ചരിത്രമുണ്ടെന്നും അതിനാല്‍ ഉടന്‍ ചര്‍ച്ച വേണെന്നും പ്രതിപക്ഷം ലോക്സഭയില്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക്സഭ 12 മണി നിര്‍ത്തിവച്ചു. വീണ്ടും സഭ സമ്മേളിച്ചില്ലെങ്കിലും പ്രതിഷേധം തുടര്‍ന്നതോടെ നടപടികള്‍ പൂര്‍ത്തിയാക്കി പിരിഞ്ഞു. രാജ്യസഭയില്‍ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറും ടിഎംസി എംപി ഡെറിക് ഒബ്രയാനും തമ്മില്‍ രൂക്ഷമായ വാക്ക് തര്‍ക്കം നടന്നു. നാടകം കളിക്കാനുള്ള സ്ഥലമല്ല രാജ്യസഭയെന്ന് ഒബ്രയാനോട് ധന്‍കര്‍ പറഞ്ഞു.
ഗോത്രവിഭാഗങ്ങളുടെ ആചാരങ്ങള്‍ സംരക്ഷിച്ച് ഏകവ്യക്തി നിയമം നടപ്പാക്കണം എന്ന ബിജെപി എംപി സുനില്‍ കുമാര്‍ സിംഗിന്റെ സ്വകാര്യ പ്രമേയത്തിന് ലോക്സഭയില്‍ അവതരണത്തിന് അനുമതി ലഭിച്ചു. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ യോഗം ചേര്‍ന്നു. പാര്‍ലമെന്റിന് പുറത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ മണിപ്പൂര്‍ വിഷയത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.