കറാച്ചി : മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിന് പിന്നാലെ പാകിസ്ഥാനില്‍ കലാപം രൂക്ഷം. ഇമ്രാന്‍ ഖാന്റെഅറസ്റ്റിന് പിന്നാലെ പാകിസ്ഥാന്‍ പൊട്ടിപ്പുറപ്പെട്ട ആക്രമണത്തില്‍ ക്വറ്റയില്‍ ഇമ്രാന്റെപാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്‌രി ഇ-ഇന്‍സാഫ് പ്രവര്‍ത്തകരായ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവയ്പ്പിലാണ് മരണമുണ്ടായത്. വിവിധ സ്ഥലങ്ങളില്‍ പൊലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി. 20 തിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റാവല്‍പിണ്ടിയിലെ സൈനിക കേന്ദ്രവും പ്രതിഷേധക്കാര്‍ കയ്യേറി. ഇസ്ലമാബാദിനും, കറാച്ചിക്കും പുറമെ പഞ്ചാബ് പ്രവിശ്യയിലും നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രതിഷേധക്കാര്‍ കൈയ്യേറി.
ഇസ്ലാമാബാദ് ഹൈക്കോടതിക്കുള്ളില്‍ വെച്ച് ഇന്നലെയാണ് അര്‍ധസൈനിക വിഭാഗമായ പാക് റേയ്‌ഞ്ചേഴ്‌സ് ഇമ്രാനെ കസ്റ്റഡിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. അഴിമതിക്കേസിലാണ് നടപടി. നാടകീയ രംഗങ്ങള്‍ക്കാണ് ഇസ്ലാമാബാദിലെ കോടതി പരിസരം സാക്ഷ്യം വഹിച്ചത്. അഴിമതിക്കേസില്‍ ഹാജരാകാനായി വന്‍ വാഹനവ്യൂഹവുമായി ഉച്ച തിരിഞ്ഞ് ഇമ്രാന്‍ കോടതിയിലേക്ക് പുറപ്പെട്ടു. കോടതി മുറിയിലേക്കെത്തിയ ഇമ്രാനെ അവിടെ നിന്ന് പാക് റെയ്‌ഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്തു. പിന്നാലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. പ്രധാനമന്ത്രിയായിരിക്കെ വിദേശത്ത് നിന്ന് ലഭിച്ച സമ്മാനങ്ങള്‍ വിറ്റ് ലക്ഷങ്ങള്‍ സമ്പാദിച്ചെന്ന കേസും റിയല്‍ എസ്റ്റേറ്റ് അഴിമതിയിടപാടുകളും ഉള്‍പ്പെടെ അറുപതിലേറെ കേസുകള്‍ അധികാരത്തില്‍ നിന്ന് പുറത്ത് പോയതിന് പിന്നാലെ ഇമ്രാനെതിരെ ചുമത്തിയിരുന്നു. തനിക്കെതിരെ പട്ടാളം ഗൂഡാലോചന നടത്തുന്നുവെന്ന് ഇന്നലെ ഇമ്രാന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ പാക്കിസ്ഥാനിലെ സംഘര്‍ഷ സാഹചര്യം ഇന്ത്യ നിരീക്ഷിച്ച് വരികയാണ്. അതിര്‍ത്തികളില്‍ ജാഗ്രതയും നിരീക്ഷണവും സുരക്ഷയും കര്‍ശനമാക്കി. നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും ജാ?ഗ്രത നിര്‍ദേശം നല്‍കിയതായി പ്രതിരോധ സേനാ വൃത്തങ്ങളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.