കോട്ടയം: കര്‍ഷകര്‍ നേരിടുന്ന പൊതുപ്രശ്‌നം അവതരിപ്പിക്കുകയാണ് ചെയ്തത്. അതു പറഞ്ഞതിന് എന്നെയും നടന്‍ ജയസൂര്യയെയും സൈബര്‍ ഇടങ്ങളില്‍ ആക്രമിക്കുകയാണെന്ന് നടനും കര്‍ഷകനുമായ കൃഷ്ണപ്രസാദ്.
”തനിക്ക് പണം ലഭിച്ചില്ലെന്നു പറഞ്ഞ് ഒരു സമരവും ഇവിടെയുണ്ടായിട്ടില്ല. കര്‍ഷകര്‍ക്കു പണം ലഭിക്കാനുള്ളതിനായിരുന്നു സമരം. പതിനായിരക്കണക്കിന് കര്‍ഷകര്‍ക്ക് അഞ്ചരമാസം കഴിഞ്ഞിട്ടും പണം ലഭിക്കുന്നില്ല. രണ്ടാംകൃഷി ഇറക്കേണ്ട സമയമാണിത്. പണം ലഭിക്കാത്തതിനാല്‍ പലരും കൃഷി ഇറക്കിയിട്ടില്ല. കൃഷ്ണപ്രസാദിന് മാത്രമല്ല എല്ലാവര്‍ക്കും പണം കിട്ടുകയെന്നതാണ് ആവശ്യം. എനിക്ക് പൈസ കിട്ടാനുണ്ടെങ്കില്‍ ഞാന്‍ ഒറ്റയാള്‍ പോരാട്ടമല്ലേ നടത്തേണ്ടത്. ആയിരക്കണക്കിനു കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ പറയുകയാണ് ചെയ്തത്. കര്‍ഷകര്‍ കടത്തില്‍ മുങ്ങിയിരിക്കുകയാണ്.
എനിക്ക് പണം തന്നതിന്റെ രസീത് എടുക്കാന്‍ കാണിച്ച ഉത്സാഹം പാവംപിടിച്ച കൃഷിക്കാരുടെ കാര്യത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഒറ്റദിവസം കൊണ്ട് പണം നല്‍കാനാകുമായിരുന്നു. എനിക്ക് പണം രണ്ടരമാസത്തിനു ശേഷമാണ് ലഭിച്ചത്. അതുതന്നെ വായ്പ എന്ന രീതിയിലാണ് നല്‍കിയത്. വായ്പയായി പണം നല്‍കാനല്ലല്ലോ ഞാന്‍ നെല്ല് നല്‍കുന്നത്. വായ്പയായി പണം ലഭിക്കാനാണു കര്‍ഷകര്‍ ചെന്ന് ഒപ്പിടുന്നത്. പമ്പിങ്, വളം സബ്‌സിഡി തുടങ്ങിയവ കുടിശികയാണ്.
എന്റെ സഹപ്രവര്‍ത്തകനാണ് ജയസൂര്യ. എന്നെ മാത്രമേ അറിയുകയുള്ളു. അതിലാനാണ് കൃഷ്ണപ്രസാദ് അടക്കമുള്ളവരെന്നു പൊതുവായി പറഞ്ഞത്. അദ്ദേഹം കര്‍ഷകനു വേണ്ടിയാണു പറഞ്ഞത്. ഞങ്ങള്‍ പറഞ്ഞത് രാഷ്ട്രീയമല്ല. കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് വ്യക്തമാക്കിയത്. കാര്‍ഷിക മേഖലയില്‍ ഇടതുപക്ഷക്കാരായ കര്‍ഷകരാണ് കൂടുതലുള്ളത്. അവരുടെ വേദനയെന്താണ് മനസ്സിലാക്കാത്തത്”- കൃഷ്ണപ്രസാദ് പ്രതികരിച്ചു.