പുതുപ്പള്ളി: സംസ്ഥാനത്ത് എല്‍.ഡി.എഫ്. സര്‍ക്കാര്‍ മൂന്നാംതവണയും അധികാരത്തില്‍ വരാതിരിക്കാന്‍ പ്രാര്‍ഥിക്കണമെന്ന് സഖാക്കളോട് പറഞ്ഞുകൊണ്ടേയിരിക്കുന്നുവെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദന്റെ പ്രസ്താവന ഏറ്റെടുത്ത് പ്രതിപക്ഷം. കേരളത്തിലെ ജനങ്ങളുടെ മനസാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. സമൂഹത്തേയും ഭരണകൂടത്തേയും നോക്കിക്കാണുന്ന ഏതൊരാള്‍ക്കും തോന്നുന്ന സാമാന്യ വികാരമാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നും പുതുപ്പള്ളിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
‘കവിയും എഴുത്തുകാരനുമൊക്കെയായതുകൊണ്ട് അദ്ദേഹം ഹൃദയത്തില്‍ തട്ടിപ്പറഞ്ഞ വാക്കുകളാണ്. ഇതാണ് കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ പറയുന്നത്. ഈ സര്‍ക്കാരാണ് തുടരുന്നതെങ്കില്‍ എന്തായിരിക്കും കേരളത്തിന്റെ സ്ഥിതിയെന്ന് ഭയന്നിരിക്കുകയാണ്. കേരളം തകര്‍ന്നുതരിപ്പണമായിരിക്കുകയാണ്’, സതീശന്‍ കുറ്റപ്പെടുത്തി.
ഉമ്മന്‍ചാണ്ടിയെ നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് യു.ഡി.എഫ്. പുതുപള്ളി ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ മണ്ഡല പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഓര്‍മകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ വര്‍ഗീയതയ്ക്കും ഫാസിസത്തിനും അഴിമതിക്കെതിരേയും ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കിയ ഇരുസര്‍ക്കാരുകള്‍ക്കെതിരേയുമുള്ള പോരാട്ടത്തിന്റെ പ്ലാറ്റ്ഫോമാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്. ഐക്യജനാധിപത്യമുന്നണി രാഷ്ട്രീയമായി തന്നെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നതില്‍ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.