തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടി ഈ സംസ്ഥാനത്തിന് വേണ്ടി ചെയ്ത സംഭാവനയാണ് ഉമ്മന്‍ചാണ്ടിയെന്ന് മകന്‍ ചാണ്ടി ഉമ്മന്‍. വല്ലാത്ത ഭാരമാണ് മനസ്സിന്. ചെറുപ്പം മുതല്‍ പിതാവിനൊപ്പം ജീവിച്ചിരുന്ന ഓര്‍മ്മകളാണ് മനസ്സില്‍. ഇന്ന് അദ്ദേഹം ഇല്ലായെന്നത് വല്ലാത്ത ദുഃഖമാണ്. ഈശ്വര നിശ്ചയത്തെ തടുക്കാനാവില്ലല്ലോയെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. തിരുവനന്തപുരത്ത് കെപിസിസി അനുസ്മരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയതാണ് ചാണ്ടി ഉമ്മന്‍.
‘വിലാപയാത്രയിലെ ജനക്കൂട്ടം അപ്രതീക്ഷിതമല്ല. സ്നേഹിച്ചിരുന്നുവെന്ന് അറിയാം. കേരളത്തിലെ ഓരോ വ്യക്തിയും അദ്ദേഹത്തെ സ്നേഹിച്ചിരുന്നുവെന്ന് അറിയാമായിരുന്നു. 20 വര്‍ഷമായി ഞാനിവിടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീട് കയറുന്നയാളാണ്. എന്നെ ഒരു കുടുംബത്തിലെ അംഗത്തെ പോലെയാണ് അവര്‍ കണ്ടിരുന്നത്. അവരുടെ കുടുംബാംഗം മരിച്ചത് പോലെയാണ് അവരും സ്നേഹം പ്രകടിപ്പിച്ചത്.’ എന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് കെ സുധാകരനാണ് കെപിസിസി അനുസ്മരണത്തിന് അധ്യക്ഷത വഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, സിനിമാ പ്രവര്‍ത്തകര്‍, മത മേലധ്യക്ഷന്‍മാര്‍ എന്നിവര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു.