നാസിക്: സവാളയ്ക്ക് 40 ശതമാനം കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ച് നാസിക്കിലെ സവാള മൊത്തവ്യാപാരം വ്യാപാരികള്‍ നിര്‍ത്തിവച്ചു. സവാളവ്യാപാരത്തില്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കേന്ദ്രമാണ് നാസിക്. ഇന്നു മുതല്‍ സവാള മൊത്തവ്യാപാരം നിര്‍ത്തിവയ്ക്കുമെന്നാണ് അറിയിപ്പ്.
ഞായറാഴ്ച നാസിക്കിലെ നിഫാദ് താലൂക്കില്‍ നടന്ന ട്രേഡേഴ്‌സ് ആന്‍ഡ് കമ്മിഷന്‍ ഏജന്റ്‌സ് അസോസിയേഷന്റെ യോഗത്തിലാണ്, മൊത്തവ്യാപാരം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള സവാള വ്യാപാരികളോടും ഈ തീരുമാനത്തോടു സഹകരിക്കാന്‍ അസോസിയേഷന്‍ അഭ്യര്‍ഥിച്ചു.
അതിനിടെ, സവാളയുടെ കരുതല്‍ശേഖരം 5 ലക്ഷം ടണ്ണായി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തേ സംഭരിച്ച 3 ലക്ഷം ടണ്ണിനു പുറമേ ഓരോ ലക്ഷം ടണ്‍ കൂടി സംഭരിക്കാന്‍ നാഷനല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷനും (എന്‍സിസിഎഫ്) നാഷനല്‍ അഗ്രികള്‍ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷനും (നാഫെഡ്) സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ വിപണി ഇടപെടലിനായാണ് ഇത്. ദേശീയതലത്തില്‍ സവാള വിലയില്‍ 19% വര്‍ധനയുണ്ട്. 2022-23ല്‍ കരുതല്‍ശേഖരം 2.51 ലക്ഷം ടണ്ണായിരുന്നു. കരുതല്‍ശേഖരത്തില്‍നിന്ന് 1400 ടണ്‍ ചില പ്രധാന വിപണികളിലെത്തിച്ചു.