ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പഠിക്കുന്നതിനായി സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. മുന്‍രാഷ്ട്രപതി റാംനാഥ് കോവിന്ദ് സമിതിയുടെ അധ്യക്ഷനാകും. നിയമ വിദഗ്ധരും മുന്‍തിരഞ്ഞെടുപ്പ് കമ്മിഷണറും ഉള്‍പ്പെടെയുള്ളവരാകും സമിതി അംഗങ്ങള്‍. ഇതുസംബന്ധിച്ച് നിയമമന്ത്രാലയം ഉടന്‍ വിജ്ഞാപനം ഇറക്കും.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതിനായി ഭരണഘടനാ ഭേദഗതി ഉള്‍പ്പെടെയുള്ളവ ആവശ്യമുണ്ട്. അതിനുപുറമെ സാങ്കേതികവും വിഭവപരവുമായ സൗകര്യങ്ങളും തയ്യാറാക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് യന്ത്രങ്ങള്‍ ഒരുക്കേണ്ടതും സര്‍ക്കാരുകളുടെ കാലാവധി ഒരുമിച്ചാക്കുന്നത് സംബന്ധിച്ചുമെല്ലാം പരിശോധിക്കേണ്ടതുണ്ട്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോള്‍ തന്നെ വലിയതോതിലുള്ള ചെലവ് വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു. നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിങ്ങുമ്പോള്‍ മാത്രമേ എതെല്ലാം മേഖലകളിലാണ് പഠനം നടക്കുന്നതെന്നു വ്യക്തമാകുകയുള്ളു.
കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റ് സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഒരു തിരഞ്ഞെടുപ്പ് പഠിക്കുന്നതിനായി സമിതിയെ നിയോഗിക്കുന്നത്. എന്താണ് സമ്മേളന അജന്‍ഡയെന്നു സര്‍ക്കാര്‍ വ്യക്തമാക്കാത്തത് ചൂടുപിടിച്ച അഭ്യൂഹങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്.
ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചുനടത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി, വനിതാ സംവരണ ബില്‍, ഏക സിവില്‍ കോഡ് തുടങ്ങിയവ കൊണ്ടുവരാനാകും സമ്മേളനമെന്ന അഭ്യൂഹം ശക്തമാണ്.