ഓണത്തിന്റെ ഓര്‍മ്മകള്‍ക്ക് തുമ്പപ്പൂവിന്റെ നൈര്‍മല്യവും സൗന്ദര്യവുമാണ് ഉണ്ടായിരുന്നത്. അതിരാവിലെ ഉറക്കമുണര്‍ന്ന് വീട്ടിലെ പൂക്കളും ഇലകളും കൊണ്ട് വലിയ മുറ്റത്ത് ചെറിയ പൂക്കളം തീര്‍ക്കും. റോഡ് സൈഡിലെ കൂട്ടുകാരുടെ കൂട്ടായ്മയില്‍ ഇട്ട പൂക്കളത്തിനായി വാഴയിലയില്‍ കുമ്പിള്‍ തീര്‍ത്ത് ഈര്‍ക്കില്‍ കൊണ്ട് ലോക്ക് ചെയ്ത് അയല്‍പക്കത്തെ പൂക്കള്‍ മോഷ്ടിക്കാന്‍ ഇറങ്ങും. ഉച്ചത്തില്‍ പാട്ടിട്ട് തര്‍ക്കിച്ച് പൂക്കളം തീര്‍ക്കും. അടുത്തിടങ്ങളിലെ പൂക്കളങ്ങളില്‍ വച്ച് നമ്മുടെ പൂക്കളമാണ് നല്ലതെന്ന് സ്വയം ആശ്വസിക്കാന്‍ ചുണ്ടില്‍ ഒരു പുച്ഛ ചുരിയുമായി സൈക്കിളും എടുത്ത് ഇറങ്ങും. 10 ദിവസവും പലവിധ പായസം കൂടിയുണ്ട്. വൈകുന്നേരം അമ്മച്ചിയുടെ (അമ്മയുടെ അച്ഛന്റെ അമ്മയുടെ വീട്) വീട്ടില്‍ ഊഞ്ഞാലാടാന്‍ പോകും. വലിയ പ്ലാവില്‍ വലിയ ഒലക്ക കൊണ്ട് ചെറിയ അപ്പൂപ്പന്‍ (അപ്പൂപ്പന്റെ അനിയന്‍) ഊഞ്ഞാലിടും. കുഞ്ഞമ്മമാരും അയല്‍പക്കത്തെ കുട്ടികളുമായി തൊണ്ടല്‍ വെട്ടി (എണീറ്റു നിന്ന്) ആകാശം ലക്ഷ്യമാക്കി ഊഞ്ഞാലാടും. ഒളിച്ചുകളി പത്തായത്തിലും അടുക്കളയിലും എത്തുമ്പോള്‍ അമ്മച്ചിയുടെ ചീത്ത കേട്ട് നാളെ വരാം എന്ന് കാണിച്ച് വീട്ടില്‍ പോകും. ഇതൊക്കെയായിരുന്നു ഓണമെന്ന് പറയുമ്പോള്‍ മനസിലേക്ക് ഓടിലെത്തിയിരുന്നത്.
എന്നാലിന്നോ? ഓണം എന്നുപറഞ്ഞാല്‍ ഓര്‍മ്മകള്‍ മാത്രമായി എന്നുപറയുന്നതാകും ശരി. ഇന്നത്തെ നമ്മുടെ ഓണമെന്ന് പറഞ്ഞാല്‍ കുടുംബാംഗങ്ങളൊടൊപ്പം ഒന്നിച്ചിരുന്ന് നാട്ടുവിശേഷങ്ങള്‍ പങ്കിടാനോ തൂശനിലയില്‍ ഓണസദ്യ കഴിക്കാനോ ആരും മെനക്കാടാറില്ല. മറിച്ച് മറ്റേതെങ്കിലും നാട്ടിലേക്ക് വിനോദയാത്ര പോകാനാണ് മിക്കവര്‍ക്കും താല്‍പര്യം. ഞാനടക്കമുള്ള അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം ഓണം മിക്കപ്പോഴും ലൊക്കേഷനുകളിലായിരിക്കും. എല്ലാവര്‍ക്കുമൊപ്പം തിരുവോണനാള്‍ വീട്ടില്‍ ആഘോഷിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അതിന് കഴിയാത്ത അവസ്ഥയാണ് ഞാനടക്കമുള്ളവര്‍ക്കുള്ളത്.