ന്യൂഡല്‍ഹി: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള 28 അംഗ ഇന്ത്യന്‍ സംഘത്തെ ഒളിംപ്യന്‍ നീരജ് ചോപ്ര നയിക്കും. ഓഗസ്റ്റ് 19 മുതല്‍ ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് മത്സരം. എം ശ്രീശങ്കര്‍, എല്‍ദോസ് പോള്‍, അബ്ദുള്ള അബൂബക്കര്‍, മുഹമ്മദ് അജ്മല്‍, മുഹമ്മദ് അനസ്, അമോജ് ജേക്കബ് എന്നിവരടക്കം ഏഴ് മലയാളികളാണ് സംഘത്തിലുള്ളത്. അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് പകരം ഇത്തവണ കേന്ദ്ര കായിക മന്ത്രാലയമാണ് താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്.
ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിനിടെ പരിക്കേറ്റ ഷോട്പുട് താരം തേജിന്ദര്‍ പാല്‍ സിംഗ് മത്സരിക്കാനെത്തില്ല. ഹൈജംമ്പില്‍ ദേശീയ റെക്കോര്‍ഡ് ഉടമയായ തേജസ്വിന്‍ ശങ്കര്‍, 800 മീറ്റര്‍ താരം കെ എം ചന്ദ, 20 കിലോമീറ്റര്‍ നടത്ത താരം പ്രിയങ്ക ഗോസ്വാമി എന്നിവരും സംഘത്തിലില്ല. ചൈനയിലെ ഹാങ്ഷുവില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിന്റെ സാഹചര്യത്തിലാണ് ഈ താരങ്ങള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാത്തത്.
27 താരങ്ങളാണ് ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ വ്യക്തിഗത ഇനങ്ങളില്‍ ഇന്ത്യയ്ക്കായി മത്സരിക്കുന്നത്. അതില്‍ എട്ട് പേരും ജംപ് ഇനങ്ങളിലാണ് മത്സരിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ചാംപ്യന്‍ എല്‍ദോസ് പോള്‍, ഏഷ്യന്‍ ചാമ്പ്യന്‍ അബ്ദുല്ല അബൂബക്കര്‍, ദേശീയ റെക്കോര്‍ഡ് ജേതാവ് പ്രവീണ്‍ ചിത്രവേല്‍ എന്നിവര്‍ മത്സരിക്കുന്ന പുരുഷ ട്രിപ്പിള്‍ ജംമ്പിലും മത്സരിക്കും. പുരുഷ ലോങ്ജപില്‍ തന്റെ മൂന്നാമത്തെ ലോക ചാംപ്യന്‍ഷിപ്പിനാണ് മലയാളി താരം എം.ശ്രീശങ്കര്‍ ഇറങ്ങുന്നത്.