തിരുവനന്തപുരം: നിയമസഭയിലെ മാധ്യമ വിലക്ക് പിന്‍വലിക്കണമെന്നും ഭരണപക്ഷത്തിന് വേണ്ടിയുള്ള സഭ ടി.വിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടും മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കാത്തത് ജനാധിപത്യ വിരുദ്ധമാണ്. പ്രതിപക്ഷ പ്രതിഷേധങ്ങളെ പൂര്‍ണമായും ഒഴിവാക്കി സര്‍ക്കാരിന്റെ സ്വന്തം ചാനല്‍ എന്ന രീതിയില്‍ സഭ ടി.വി പ്രവര്‍ത്തിക്കുന്നത് ഇനിയും അനുവദിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ വ്യക്തമാക്കി
നിയമസഭയ്ക്കുള്ളിലെ പ്രതിപക്ഷ പ്രതിഷേധം പൂര്‍ണമായും ഒഴിവാക്കിയുള്ള ദൃശ്യങ്ങളാണ് ഇക്കഴിഞ്ഞ സമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങുന്ന സാഹചര്യത്തില്‍ പ്രതിരോധവുമായി ഭരണപക്ഷ അംഗങ്ങളും സീറ്റില്‍ നിന്നെഴുന്നേറ്റപ്പോള്‍ മാത്രമാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ സഭ ടി.വി തയാറായത്. ഇത് തികച്ചും ജനാധിപത്യ വിരുദ്ധവും പാര്‍ലമെന്ററി ജനാധിപത്യത്തിന് കളങ്കമുണ്ടാക്കുന്ന നടപടിയുമാണ്.
നിയമസഭയുടെ സ്വന്തം ടി.വിയെന്ന നിലയില്‍ സഭ ടി.വി നിലവില്‍ വന്നതോടെ മാധ്യമങ്ങളെ നിയമസഭയില്‍ നിന്നും ഒഴിവാക്കുന്ന സ്ഥിതിയുണ്ടായി. പ്രതിപക്ഷ പ്രതിഷേധങ്ങളെ പൂര്‍ണമായും ഒഴിവാക്കി സര്‍ക്കാരിന്റെ സ്വന്തം ചാനല്‍ എന്ന രീതിയില്‍ സഭ ടി.വി പ്രവര്‍ത്തിക്കുന്നത് ഇനിയും അനുവദിക്കാനാകില്ല.ഫാസിസ്റ്റ് ശൈലിയിലുള്ളതും ജനാധിപത്യ വിരുദ്ധവുമായ മാധ്യമ വിലക്കിലും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ സര്‍വ സീമയും ലംഘിച്ചുള്ള സഭ ടി.വിയുടെ പ്രവര്‍ത്തനത്തിലും സ്പീക്കറുടെ അടിയന്തിര ഇടപെടല്‍ ഇനിയെങ്കിലും ഉണ്ടാകണമെന്നും വിഡി സതീശന്‍ കത്തില്‍ സൂചിപ്പിച്ചു.