ഇസ്ലാമബാദ്: ഇന്ത്യയില്‍ എവിടെയും കളിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് പാകിസ്താന്‍ സൂപ്പര്‍ താരം ബാബര്‍ അസം. ഇന്ത്യയില്‍ ലോകകപ്പ് കളിക്കുന്നത് സംബന്ധിച്ച പാകിസ്താന്‍ ക്രിക്കറ്റിലെ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലാണ് ബാബര്‍ അസമിന്റെ നിലപാട്. ഇന്ത്യയ്‌ക്കെതിരായ ഒരു മത്സരമല്ല പാകിസ്താന്‍ കളിക്കാന്‍ പോകുന്നത്, മറിച്ച് ലോകകപ്പാണ്. ഒരു ടീമിനെയല്ല, ഒന്‍പത് ടീമുകള്‍ക്കെതിരെയാണ് മത്സരം. ഓരോ ടീമിനെയും തോല്‍പ്പിച്ചാല്‍ മാത്രമെ പാകിസ്താന് ഫൈനല്‍ ഉറപ്പിക്കാന്‍ കഴിയൂ. ക്രിക്കറ്റ് താരങ്ങള്‍ എന്ന നിലയില്‍ ഇന്ത്യയില്‍ എവിടെയും കളിക്കാന്‍ പാകിസ്താന്‍ തയ്യാറെന്നും ബാബര്‍ അസം പറഞ്ഞു.
ഒക്ടോബര്‍ അഞ്ചിന് അഹമ്മദാബാദിലാണ് ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള മത്സരം. ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് പാകിസ്താന്റെ മറ്റ് മത്സരങ്ങള്‍. 2012 ന് ശേഷം ഇതാദ്യമായാണ് പാകിസ്താന്‍ ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കാന്‍ ഒരുങ്ങുന്നത്. നവീകരിച്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആദ്യ മത്സരം കളിക്കാനും പാകിസ്താന് അവസരമുണ്ട്.
അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ വേദികളിലാണ് പാകിസ്താന്‍ മാറ്റം ആവശ്യപ്പെട്ടത്. എന്നാല്‍ ബിസിസിഐയും ഐസിസിയും പാകിസ്താന്റെ ആവശ്യം നിരസിച്ചു. നിലവില്‍ മത്സരക്രമം പാകിസ്താന്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. വേദികളില്‍ പരിശോധന നടത്തി സര്‍ക്കാര്‍ മത്സരക്രമം അംഗീകരിച്ചാല്‍ മാത്രമെ പാകിസ്താന് ലോകകപ്പില്‍ കളിക്കാന്‍ കഴിയൂ.