തിരുവനന്തപുരം: എന്‍എസ്എസിന്റെ സമദൂര നിലപാട് പലപ്പോഴും സമദൂരമാകാറില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എന്‍എസ്എസിനു സമദൂര നിലപാടാണെന്ന ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി നയത്തിന് അനുസരിച്ചാണ് ഓരോ സംഘടനകളുമായുള്ള ഇണക്കവും പിണക്കവുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി എം.വി.ഗോവിന്ദന്‍ പറഞ്ഞു.
‘തിരഞ്ഞെടുപ്പില്‍ സിപിഎം ആരെയും ശത്രുപക്ഷത്തു നിര്‍ത്തുന്നില്ല. മുന്‍പുമില്ല, ഇപ്പോഴുമില്ല, ഇനിയുമില്ല. പാര്‍ട്ടി എടുക്കുന്ന നിലപാടിനെ സംബന്ധിച്ചു കൃത്യമായ അഭിപ്രായം അപ്പപ്പോള്‍ രേഖപ്പെടുത്താറുണ്ട്. എന്‍എസ്എസിന്റെ സമദൂരം പലപ്പോഴും സമദൂരമാകാറില്ല. സമദൂരം എന്നു പറഞ്ഞത് അത്രയും നല്ലത്. ഒരു ഭാഗത്ത് ഇല്ലല്ലോ’-എം.വി.ഗോവിന്ദന്‍ പറഞ്ഞു. സ്ഥാനാര്‍ഥിയെന്ന നിലയില്‍ ആരെയും കാണുന്നതിന് കുഴപ്പമില്ല. സമുദായ സംഘടനാ നേതാക്കളെ കാണുന്നതിനെ തിണ്ണനിരങ്ങല്‍ എന്നൊക്കെ പറയുന്നത് കോണ്‍ഗ്രസിന്റെ പ്രയോഗമാണ്. ജി.സുകുമാരന്‍നായരായാലും വെള്ളാപ്പള്ളി നടേശനായാലും തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് അഭ്യര്‍ഥിക്കാനുള്ള ജനാധിപത്യ മര്യാദയും അവകാശവും സ്ഥാനാര്‍ഥിക്കുണ്ട്. എന്‍എസ്എസിന്റെ പക്കലാണോ സമുദായ വോട്ടുകളെല്ലാം ഉള്ളതെന്ന ചോദ്യത്തിന്, അവരുടെ കയ്യിലാണ് മുഴുവന്‍ വോട്ടെന്ന ചിന്തയില്ലെന്നും അവരുടെ കയ്യിലും വോട്ടുണ്ടെന്നുമായിരുന്നു എം.വി.ഗോവിന്ദന്റെ മറുപടി.
വോട്ട് അഭ്യര്‍ഥിച്ച് ആരെയും കാണുന്നതിനെ സിപിഎം കുറ്റപ്പെടുത്തിയിട്ടില്ല. എല്ലാ സമുദായനേതാക്കളെയും വോട്ടര്‍മാരെയും സ്ഥാനാര്‍ഥികള്‍ കാണും. പുരോഗമന സ്വഭാവമുള്ള പാര്‍ട്ടിയാണ് സിപിഎമ്മെങ്കിലും പുരോഗമന സ്വഭാവമല്ലാത്തവര്‍ക്കും വോട്ടുണ്ടെന്നും അതിനാല്‍ എല്ലാവരോടും വോട്ട് അഭ്യര്‍ഥിക്കേണ്ടിവരുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. സപ്ലൈക്കോയ്ക്കും മറ്റ് പൊതുവിതരണ സംവിധാനങ്ങള്‍ക്കുമുള്ള പണം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജനങ്ങളോടുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ നിറവേറ്റുന്നുണ്ട്. സംസ്ഥാനത്തിന്റെ നികുതി പിരിവില്‍ വലിയ വര്‍ധനവുണ്ടായി. നികുതിയിനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 71000 കോടിരൂപ ലഭിച്ചു. 50 ശതമാനമാണു നികുതിപിരിവില്‍ വര്‍ധനവുണ്ടായതെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.