ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബജ്‌റങ്ദള്‍ നിരോധിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രിയും രാജ്യസഭ എംപിയുമായ ദിഗ്‌വിജയ് സിങ്. ബജ്‌റങ്ദള്‍ നിരോധിക്കില്ലെന്നായിരുന്നു ദിഗ്‌വിജയ് സിങിന്റെ പ്രതികരണം. ബജ്‌റങ്ദളില്‍ നല്ല ആളുകളും ഉണ്ടാകാം. എന്നാല്‍ അക്രമങ്ങളില്‍ ഉള്‍പ്പെടുന്ന ആരെയും വെറുതെ വിടില്ലെന്നും ദിഗ്‌വിജയ് സിങ് ഉറപ്പുനല്‍കി. ബുധനാഴ്ച ഭോപ്പാലില്‍ പിസിസി ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ദിഗ്‌വിജയ് സിങ്.
‘ഞാനൊരു ഹിന്ദുവാണ്, ഹിന്ദുവായി തന്നെ തുടരും. ഹിന്ദു മതം പിന്തുടരുന്ന വ്യക്തിയാണ് ഞാന്‍. സനാതന ധര്‍മ്മമാണ് ഞാന്‍ പിന്തുടരുന്നത്. എന്നാല്‍ എല്ലാ ബിജെപി നേതാക്കളെക്കാളും മികച്ച ഹിന്ദുവാണ് ഞാന്‍. ഹിന്ദു, മുസ്‌ലിം, സിഖ്, ക്രിസ്ത്യന്‍ തുടങ്ങി എല്ലാവര്‍ക്കും വേണ്ടി ഉള്ളതാണ് രാജ്യം. രാജ്യത്തെ വിഭജിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും നിര്‍ത്തണം. രാജ്യത്ത് സമാധാനം കൊണ്ടുവരണം.സമാധാനത്തിലൂടെ മാത്രമേ വളര്‍ച്ചയുണ്ടാവു’- ദിഗ്‌വിജയ് സിങ് പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി നടക്കുന്നതു ബിജെപിയുടെ ദുര്‍ഭരണമാണ്. എല്ലായിടത്തും അഴിമതിയാണ്. ജോലിയിലും കരാറുകളിലും മതപരമായ കാര്യങ്ങളില്‍ വരെയും അഴിമതി നടക്കുന്നതായി ദിഗ്‌വിജയ് സിങ് വിവരിച്ചു.