ന്യൂഡല്‍ഹി: മണിപ്പുര്‍ കലാപത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ചചെയ്യും. ലോക്‌സഭാംഗത്വം പുനസ്ഥാപിക്കപ്പെട്ടതിനു പിന്നാലെ സഭയില്‍ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി ചര്‍ച്ച തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സഭയിലെത്തില്ല. വ്യാഴാഴ്ച പ്രധാനമന്ത്രി സഭയില്‍ മറുപടി നല്‍കും. പാര്‍ലമെന്റ് സമ്മേളനം ജൂലൈ 20ന് ആരംഭിച്ചതു മുതല്‍ മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.
ലോക്‌സഭയില്‍ ബിജെപിക്ക് കേവലഭൂരിപക്ഷമുള്ളതിനാല്‍ അവിശ്വാസം പാസാവില്ലെങ്കിലും മണിപ്പുര്‍ കലാപത്തില്‍ രണ്ടുദിവസങ്ങളായി നടക്കുന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി മറുപടി പറയുമെന്നതാണ് പ്രതിപക്ഷത്തിന്റെ നേട്ടം. അവിശ്വാസപ്രമേയത്തില്‍ 12 മണിക്കൂറോളമാണ് ചര്‍ച്ച നടക്കുക. ആറ് മണിക്കൂര്‍ 41 മിനിറ്റ് ബിജെപിക്കും ഒരുമണിക്കൂര്‍ 16 മിനിറ്റ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും ലഭിക്കും. അമിത് ഷാ, നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജ്ജു തുടങ്ങി അഞ്ച് മന്ത്രിമാര്‍ ചര്‍ച്ചയില്‍ സംസാരിക്കും. അഞ്ച് ബിജെപിഎംപിമാരും ചര്‍ച്ചയില്‍ പങ്കെടുക്കും.
മേയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 170ല്‍ അധികം മനുഷ്യര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് മനുഷ്യര്‍ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍, പ്രധാനമന്ത്രിയുടെ ശ്രദ്ധ കൂടുതലായി ലഭിക്കേണ്ട മറ്റൊരു വിഷയവുമില്ലെന്നാണു പ്രതിപക്ഷത്തിന്റെ നിലപാട്. മണിപ്പുര്‍ വിഷയത്തില്‍ ചര്‍ച്ചയില്‍ നിന്നും പ്രതിപക്ഷം ഓടിയൊളിക്കുകയാണെന്നാണു ഡല്‍ഹി ഭരണനിയന്ത്രണ ബില്ലിലെ ചര്‍ച്ചയ്ക്കിടെ ഇന്നലെ അമിത് ഷാ പറഞ്ഞത്.
കഴിഞ്ഞ 26നാണ് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയി അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. സ്പീക്കര്‍ ഓംബിര്‍ള ഇത് അംഗീകരിക്കുകയായിരുന്നു. സഭയില്‍ എന്‍ഡിഎയ്ക്ക് 332 എംപിമാരാണുള്ളത്. ഇന്ത്യ സഖ്യത്തില്‍ ഉള്ളത് 144 എംപിമാരാണ്.