കൊച്ചി: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ 150 എംബിബിഎസ് സീറ്റുകള്‍ നഷ്ടമായ സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിനെ തുടര്‍ന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ 150 എംബിബിഎസ് സീറ്റുകള്‍ നഷ്ടമായത്. 22,000 രൂപ ഫീസ് നല്‍കി സാധാരണക്കാര്‍ പഠിക്കുന്ന മെഡിക്കല്‍ കോളജിലാണ് സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയെ തുടര്‍ന്ന് മെഡിക്കല്‍ സീറ്റുകള്‍ റദ്ദാക്കപ്പെട്ടത്.
പരിതാപകരമായ അവസ്ഥയിലാണ് ആരോഗ്യ വകുപ്പ്. പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും പഠിക്കാനുള്ള അവസരമാണ് ഇല്ലാതാക്കിയിരിക്കുന്നത്. ഡോക്ടര്‍മാരെ നിയമിച്ചും സൗകര്യങ്ങള്‍ ഒരുക്കിയും ദേശീയ മെഡിക്കല്‍ കമ്മിഷന്റെ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ സീറ്റുകള്‍ നഷ്ടപ്പെടില്ലായിരുന്നു. കോളജിലെ പി ജി സീറ്റുകളും നഷ്ടമായി. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണ്. ആരോഗ്യ മന്ത്രിയും ആരോഗ്യ വകുപ്പും ഇതിനൊക്കെ ഉത്തരം പറഞ്ഞേ മതിയാകൂ എന്നും സതീശന്‍ പറഞ്ഞു.