ന്യൂഡല്‍ഹി: മൂന്നാം തവണയും എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ ലോകത്തെ മികച്ച സാമ്പത്തിക ശക്തിയാക്കുമെന്ന വാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം മികച്ച മൂന്ന് സാമ്പത്തിക ശക്തികളിലൊന്നാകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ആദ്യ മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തില്‍ ലോകത്ത് പത്താം സ്ഥാനത്തായിരുന്നു ഇന്ത്യയെന്നും രണ്ടാം സര്‍ക്കാരില്‍ അഞ്ചാം സ്ഥാനത്തിലേക്ക് എത്തിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. 2024ന് ശേഷം രാജ്യത്തിന്റെ വികസന യാത്ര കൂടുതല്‍ വേഗത്തിലായിരിക്കുമെന്നും മൂന്നാം മോദി സര്‍ക്കാര്‍ വന്നാല്‍ ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവീകരിച്ച പ്രഗതി മൈതാനിയില്‍ പുതിയ എക്‌സിബിഷന്‍ കോംപ്ലക്‌സായ ഭാരത് മണ്ഡപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീര്‍ഘകാലത്തെ വെല്ലുവിളികളെ അഭിമുഖീകരിച്ചുകൊണ്ട് ഇന്ത്യ മുന്നേറുകയാണ്. താല്‍കാലിക പരിഹാരങ്ങള്‍ക്ക് പകരം ശാശ്വത പരിഹാരത്തിനാണ് ഊന്നല്‍ നല്‍കുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ 34 ലക്ഷം കോടി രൂപ ചെലവഴിച്ചു. വലിയ അവസരമാണ് ഇന്ത്യയെ കാത്തിരിക്കുന്നതെന്നും സര്‍ക്കാരിന്റെ നയങ്ങള്‍ ഫലം കാണുകയാണെന്നും മോദി പറഞ്ഞു.
അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. ഇരുസഭകളിലും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. കോണ്‍ഗ്രസ് എംപിമാരോട് കറുത്ത വസ്ത്രം ധരിച്ച് എത്താന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യസഭാംഗങ്ങള്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കി. രാവിലെ 11 മണി മുതല്‍ സഭ പിരിയും വരെ എല്ലാവരും സഭയില്‍ ഹാജരായിരിക്കണം എന്നാണ് വിപ്പ്. പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കണമെന്നും വിപ്പില്‍ നിര്‍ദേശം നല്‍കി. പ്രധാനപ്പെട്ട വിഷയം ചര്‍ച്ചയ്ക്ക് എടുക്കുന്നതിനാലാണ് നിര്‍ദേശമെന്നും വിപ്പില്‍ പറയുന്നു.