ന്യൂഡല്‍ഹി: രാജ്യം ഇന്ന് 77ാം സ്വാതന്ത്ര്യദിന നിറവില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. രണ്ടു സൈനിക ഹെലികോപ്റ്ററുകള്‍ ചെങ്കോട്ടയില്‍ പുഷ്പവൃഷ്ടി നടത്തി. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ എത്തിയത്. കേന്ദ്ര മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും ചെങ്കോട്ടയിലെത്തി ചടങ്ങുകളില്‍ പങ്കെടുക്കുന്നു. കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. 2021ല്‍ രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തോടെ തുടക്കം കുറിച്ച ആസാദി കാ അമൃത് മഹോത്സവത്തിന് ഇന്ന് സമാപനമാകും.
രാജ്യത്തെ ജനങ്ങള്‍ക്ക് മോദി സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് ആദരമര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു. അവരുടെ വീക്ഷണം യാഥാര്‍ഥ്യമാക്കുമെന്ന പ്രതിജ്ഞ ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതായും പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ച കുറിപ്പില്‍ അറിയിച്ചു.
ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ വിശിഷ്ടാതിഥികളായി എത്തുന്നവരില്‍ എട്ട് മലയാളി ആരോഗ്യപ്രവര്‍ത്തകരും ഉണ്ടാകും. വിവിധ മേഖലകളില്‍നിന്നുള്ള 1800 പേരാണ് വിശിഷ്ടാതിഥികളാകുന്നത്. ഇതില്‍ 50 പേര്‍ നഴ്‌സുമാരാണ്. മോദി പതാകയുയര്‍ത്തുമ്പോള്‍ മലയാളി കരസേന ഓഫിസര്‍ നികിത നായര്‍ക്ക് അത് ചരിത്രനിമിഷമാകും. പ്രധാനമന്ത്രി പതാക ഉയര്‍ത്തുമ്പോള്‍ ഒപ്പം നില്‍ക്കാന്‍ അവസരം കിട്ടുന്ന രണ്ടു കരസേന ഉദ്യോഗസ്ഥരില്‍ ഒരാളാണ് തിരുവനന്തപുരം സ്വദേശിനി നികിത. ചരിത്രത്തില്‍ ആദ്യമായാണ് കരസേനയിലെ വനിത ഓഫിസര്‍മാര്‍ പ്രധാനമന്ത്രിക്കൊപ്പം ചെങ്കോട്ടയിലെ ചടങ്ങില്‍ അണിനിരക്കുക. 2016ലാണ് നികിത സേനയില്‍ ചേര്‍ന്നത്.
കേരളത്തിലും സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ 9ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തും.