പാരിസ്: ഫ്രാന്‍സിന്റെ പരമോന്നത പുരസ്‌കാരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമ്മാനിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. ഗ്രാന്‍ഡ് ക്രോസ് ഓഫ് ലീജന്‍ ഓഫ് ഓണര്‍ പുരസ്‌കാരം സ്വീകരിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണു നരേന്ദ്ര മോദി. പുരസ്‌കാരത്തിന് ഇന്ത്യന്‍ ജനതയുടെ പേരില്‍ മോദി നന്ദി പറഞ്ഞു. മോദിക്കായി മക്രോണ്‍ നല്‍കിയ സ്വകാര്യ അത്താഴവിരുന്നു നടന്ന എല്‍സി പാലസില്‍ വച്ചായിരുന്നു പുരസ്‌കാരം.
ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സന്‍ മണ്ടേല, ചാള്‍സ് മൂന്നാമന്‍ രാജാവ് (അന്ന് പ്രിന്‍സ് ഓഫ് വേല്‍സ്), മുന്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ ബൗട്രസ് ബൗട്രസ് ഘാലി എന്നിവരുള്‍പ്പെടെയുള്ളവര്‍ പുരസ്‌കാരത്തിനു നേരത്തേ അര്‍ഹരായിട്ടുണ്ട്. ദ്വിദിന ഔദ്യോഗിക സന്ദര്‍ശനത്തിനു പാരിസിലെത്തിയ മോദി ഫ്രാന്‍സുമായുള്ള ആയുധ കരാറുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണു വിവരം.