ഭോപ്പാല്‍: പ്രതിസന്ധികളെയും ബുദ്ധിമുട്ടുകളെയും ചവിട്ടുപടിയാക്കി നന്ദിനി നേടിയത് പരീക്ഷയിലെ മികച്ച വിജയം മാത്രമല്ല, മറിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കൂടിയാണ്. എന്തിനെന്നല്ലേ. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് (സി.എ) എന്ന അപൂര്‍വ നേട്ടത്തിനുടമ കൂടിയാണ് മധ്യപ്രദേശില്‍ നിന്നുള്ള നന്ദിനി അഗര്‍വാള്‍. ഏറ്റവും പ്രയാസമേറിയ സി എ പരീക്ഷയ്ക്കായി തയാറെടുക്കുന്നത് പ്രതിവര്‍ഷം ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ്. എന്നാല്‍ ഭൂരിഭാഗം പേരും പരാജയപ്പെട്ടിടത്താണ് 19 കാരിയായ നന്ദിനി സിഎ എഴുതി വിജയം കൈപ്പിടിയിലൊതുക്കിയത്. 2021ല്‍ നടന്ന സി.എ പരീക്ഷയില്‍ 800ല്‍ 614 സ്‌കോര്‍ നേടി 76.75 ശതമാനത്തിന്റെ വിജയമാണ് നന്ദിനി സ്വന്തമാക്കിയത്. ആകെയുള്ള 83,000 ഉദ്യോഗാര്‍ഥികളെ പിന്തള്ളിയാണ് നന്ദിനി സ്വപ്ന സമാനമായ ഈ നേട്ടം കൈവരിച്ചത്.
കുട്ടിക്കാലം മുതല്‍ക്കേ പഠനത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച നന്ദിനി തന്റെ 13ാം വയസില്‍ പത്താം തരം പരീക്ഷ പൂര്‍ത്തിയാക്കി. തുടര്‍ന്ന് 15ാം വയസില്‍ പ്ലസ് ടുവും പൂര്‍ത്തിയാക്കി മുഴുവന്‍ സമയവും സി.എ പഠനത്തിനായി ചെലവഴിക്കുകയായിരുന്നു.
പ്ലസ് വണ്‍ പഠന കാലത്ത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് തനിക്കും ആ നേട്ടം കൈവരിക്കണമെന്ന ആഗ്രഹം ആ പെണ്‍മനസില്‍ ഉടലെടുത്തത്. തുടര്‍ന്ന് രാവും പകലുമില്ലാതെ സിഎ എന്ന ലക്ഷ്യത്തിനുവേണ്ടിയുള്ള തയാറെടുപ്പായിരുന്നു. സഹോദരന്റെ സഹായത്തോടെയാണ് സി.എ പഠനം തുടര്‍ന്നത്. ജീവിതസാഹചര്യങ്ങള്‍ പ്രതിബന്ധങ്ങള്‍ തീര്‍ത്തപ്പോഴും അതിനെയൊന്നും വകവയ്ക്കാതെ 19 കാരിയായ നന്ദിനി പൊരുതി നേടിയത് ചരിത്രവിജയമാണ്.