ആലപ്പുഴ: മാവലിക്കരയില്‍ നാലു വയസുകാരിയായ മകള്‍ നക്ഷത്രയെ മഴു കൊണ്ട് തലക്കടിച്ച് കൊന്ന കേസില്‍ പ്രതിയായ പിതാവ് ശ്രീ മഹേഷിന് തിരിച്ചടി. ശ്രീ മഹേഷിന്റെ ആത്മഹത്യാ പ്രവണത അഭിനയമാണെന്നും പ്രതിയുടെ മാനസിക നിലയെ സംബന്ധിച്ച് തിരുവനന്തപുരം ഗവ.മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നക്ഷത്രയുടെ മുത്തശ്ശനായ ലക്ഷ്മണന്റെ ഹര്‍ജി മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഫയലില്‍ സ്വീകരിച്ചു.
പ്രതി കാണിച്ചിട്ടുള്ള ആത്മഹത്യാ പ്രവണത കേസ് അന്വേഷണത്തെ വഴിതിരിച്ചുവിടാനായി കൃത്യമായ മുന്നൊരുക്കത്തോടെ നടത്തിയ കരുതിക്കൂട്ടിയുള്ള നീക്കമാണ്. പ്രതിയുടെ മാനസിക അവസ്ഥയെ സംബന്ധിച്ച് മാനസിക ആരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് വിളിച്ചു വരുത്തണമെന്നുള്ള ക്രിമിനല്‍ നടപടി നിയമത്തിലെ വ്യവസ്ഥകള്‍ ഈ കേസിന് ബാധകമാണെന്നുമുള്ള വാദമാണ് കുട്ടിയുടെ മുത്തശ്ശനു വേണ്ടി ഹാജരായ അഡ്വ പ്രതാപ് ജി പടിക്കല്‍ കോടതി മുമ്പാകെ ഉയര്‍ത്തിയത്. ഈ വിഷയത്തില്‍ മുന്‍കാലങ്ങളിലെ സുപ്രീം കോടതി വിധികള്‍ കൂടി പരിഗണിച്ചാണ് മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ജെ. ബി. ജഫിന്‍ രാജ് ഹര്‍ജിയില്‍ ആവശ്യപ്പെട്ട പ്രകാരം മെഡിക്കല്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഉത്തരവിട്ടിട്ടുള്ളത്.
ഇതിനിടെ നക്ഷത്രയുടെ മാതാവ് വിദ്യ മരണപ്പെട്ട നിലയില്‍ കണ്ട സംഭവത്തിലും പ്രതിയുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവുമായി വിദ്യയുടെ മാതാപിതാക്കള്‍ ജില്ലാ പൊലിസ് സൂപ്രണ്ടിനെ സമീപിച്ചിരിക്കയാണ്. ആത്മഹത്യ ചെയ്ത നിലയില്‍ കണ്ട വിദ്യയുടെ ശരീരത്തില്‍ കണ്ട പത്തോളം മുറിവുകള്‍ മരണത്തിന് തൊട്ടു മുമ്പ് വിദ്യ നേരിട്ട കടുത്ത പീഡനത്തിന്റെ തെളിവുകളാണെന്നുംഈ കാര്യത്തിലും വിശദമായ അന്വേഷണം പ്രതിക്കെതിരെ ഉണ്ടാകണമെന്നും നക്ഷത്ര കേസില്‍ എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിക്കണമെന്നുമാണ് വിദ്യയുടെ മാതാപിതാക്കള്‍ പൊലിസ് സൂപ്രണ്ട് മുമ്പാകെ ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജിക്കാരനു വേണ്ടി അഭിഭാഷകരായ പ്രതാപ് ജി പടിക്കല്‍, ശ്രീദേവി പ്രതാപ് , ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.