മണിച്ചിത്രത്താഴ് സിനിമയുടെ റീമേക്ക് ആയി എത്തിയ തമിഴ് ചിത്രം ചന്ദ്രമുഖിക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു. ചന്ദ്രമുഖി 2 എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രാഘവ ലോറന്‍സ് ആണ് നായകനായി എത്തുന്നത്. ‘നാഗവല്ലി’യായി എത്തുന്നത് കങ്കണ റണൗട്ട് ആണ്. തമിഴിലെത്തിയപ്പോള്‍ നാഗവല്ലിയെന്ന കഥാപാത്രത്തിന്റെ പേര് ചന്ദ്രമുഖി എന്നായിരുന്നു. ആദ്യ ഭാഗത്തില്‍ ജ്യോതികയാണ് ചന്ദ്രമുഖിയുടെ ബാധ കയറുന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്.
മണിച്ചിത്രത്താഴില്‍ പറയുന്ന പഴം കഥയായ ശങ്കരന്‍ തമ്പിയുടെയും നാഗവല്ലിയുടെയും ജീവിതമാണ് ചന്ദ്രമുഖി 2 പറയുന്നത്. തമിഴില്‍ വേട്ടയ്യന്‍ എന്നാണ് ശങ്കരന്‍ തമ്പിയുടെ കഥാപാത്രത്തിന് നല്‍കിയ പേര്. ചന്ദ്രമുഖിയില്‍ വേട്ടയ്യനായി വേഷം കെട്ടിയ രജനിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ചന്ദ്രമുഖി 2വില്‍ രാഘവ ലോറന്‍സ് വേട്ടയ്യനാകുന്നു.
ആദ്യഭാഗമൊരുക്കിയ പി. വാസു തന്നെയാണ് ചന്ദ്രമുഖി 2 സംവിധാനം ചെയ്യുന്നത്. ഹൊറര്‍ കോമഡി ത്രില്ലര്‍ ഗണത്തില്‍പെടുന്ന ചിത്രം ലൈക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്നു. വടിവേലു, ലക്ഷ്മി മേനോന്‍, സൃഷ്ടി ഡാന്‍ഗെ, രാധിക ശരത്കുമാര്‍, മഹിമ നമ്പ്യാര്‍, രവി മരിയ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ആര്‍.ഡി. രാജശേഖറാണ് ഛായാഗ്രഹണം. സംഗീതം എം.എം. കീരവാണി.
മണിച്ചിത്രത്താഴ് ഭൂല്‍ ഭുലയ്യ എന്ന പേരില്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്തപ്പോള്‍ വിദ്യ ബാലനാണ് നായികയായത്. അക്ഷയ് കുമാര്‍ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് പ്രിയദര്‍ശനായിരുന്നു. പിന്നീട് ഭൂല്‍ ഭുലയ്യ 2 വും ഹിന്ദിയില്‍ ഒരുങ്ങി. നീസ് ബസ്മി സംവിധാനം ചെയ്ത ചിത്രത്തില്‍ കാര്‍ത്തിക് ആര്യനാണ് പ്രധാനവേഷത്തിലെത്തിയത്.