ആരോരും നോക്കാനില്ലാതെ ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണെന്ന വാര്‍ത്ത തീര്‍ത്തും വ്യാജമാണെന്ന് നടി കവിയൂര്‍ പൊന്നമ്മ. ഇളയസഹോദരനും കുടുംബത്തിനുമൊപ്പമാണ് താമസിക്കുന്നതെന്നും തന്റെ കാര്യങ്ങള്‍ നോക്കുന്നത് അവരാണെന്നുമാണ് കവിയൂര്‍ പൊന്നമ്മയുടെ തുറന്നുപറച്ചില്‍.
ഒരു പണിയുമില്ലാത്ത ആളുകളാണ് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയുവാനില്ലെന്നും പൊന്നമ്മ കൂട്ടിച്ചേര്‍ത്തു.
മലയാള സിനിമയില്‍ അറുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കവിയൂര്‍ പൊന്നമ്മ വടക്കന്‍ പറവൂര്‍ കരിമാളൂരിലെ വസതിയില്‍ ഇപ്പോള്‍ വിശ്രമജീവിതത്തിലാണ്. ശാരദയും സീമയും ‘അമ്മ’യില്‍ നിന്ന് ഇടവേള ബാബുവും അമേരിക്കയില്‍ നിന്നും മകളും വിശേഷങ്ങള്‍ അന്വേഷിച്ച് വിളിക്കുന്നുണ്ട്. ഇതിനിടെ വീട്ടിലെത്തിയ അതിഥികളിലൊരാള്‍ പകര്‍ത്തിയ കവിയൂര്‍ പൊന്നമ്മയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് അവര്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.
നാലു തവണ ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി. 2021 ല്‍ റിലീസ് ചെയ്ത ആണു പെണ്ണും എന്ന ചിത്രമാണ് കവിയൂര്‍ പൊന്നമ്മയുടേതായി അവസാനം തിയറ്ററുകളിലെത്തിയ സിനിമ.