ഈ വേനലില്‍ കഴിക്കാന്‍ പറ്റിയ രുചികരവും ആരോഗ്യഗുണങ്ങള്‍ ഏറിയതുമായ പഴമാണ് മള്‍ബെറി. മാര്‍ച്ച് മുതല്‍ മെയ് വരെയും ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലുമാണ് മള്‍ബെറി ഉണ്ടാകുന്നത്. ചുവപ്പ്, കറുപ്പ്, പര്‍പ്പിള്‍, വെള്ള, പിങ്ക് നിറങ്ങളില്‍ വ്യത്യസ്ത ഇനം മള്‍ബെറി ഉണ്ട്. മധുരവും ചെറിയ പുളിയും ചേര്‍ന്ന രുചിയാണിതിന്. ജ്യൂസ്, ജാം, സ്‌ക്വാഷ്, ജെല്ലി ഇവയെല്ലാം മള്‍ബെറി ഉപയോഗിച്ച് ഉണ്ടാക്കാം.
അയണ്‍, വൈറ്റമിന്‍ സി, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ പോഷകങ്ങളാല്‍ സമ്പന്നമാണ് മള്‍ബെറി. മള്‍ബെറി നല്‍കുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയാം.
രക്തചംക്രമണം മെച്ചപ്പെടുത്തുന്നു
മള്‍ബെറി കഴിക്കുന്നതിലൂടെ രക്തചംക്രമണം നിയന്ത്രണത്തിലാകുന്നു. അയണ്‍ ധാരാളം അടങ്ങിയതിനാല്‍ ചുവന്ന രക്തകോശങ്ങളുടെ നിര്‍മാണം വര്‍ധിപ്പിക്കാന്‍ മള്‍ബെറി സഹായിക്കുന്നു. ഇതുമൂലം എല്ലാ കലകളിലേക്കും കോശങ്ങളിലേക്കും ഓക്‌സിജന്‍ വിതരണം വര്‍ധിക്കുകയും ഉപാപചയപ്രവര്‍ത്തനം മെച്ചപ്പെടുകയും അവയവങ്ങള്‍ സുഗമമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
അന്നജത്തെ ദഹിപ്പിക്കുന്നു
1-ഡീ ഓക്‌സിനോജിറിമെഡിസിന്‍, എന്ന ആല്‍ഫാ ഗ്ലൂക്കോസിഡേസ് ഇന്‍ഹിബിറ്റര്‍ മള്‍ബെറിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് അന്നജത്തിന്റെ ദഹനത്തിന് സഹായിക്കുന്നു.
ദഹനം മെച്ചപ്പെടുത്തുന്നു
ഭക്ഷ്യനാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ പഴങ്ങള്‍, പ്രത്യേകിച്ച് െബറിപ്പഴങ്ങള്‍ ദഹനത്തിനു സഹായകമാണ്. മലബന്ധം, വയറുകമ്പിക്കല്‍, വയറുവേദന ഇവയെല്ലാം അകറ്റാനും മള്‍ബെറി സഹായിക്കുന്നു. മള്‍ബെറിയില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയതിനാല്‍ ഏറെ നേരം വയര്‍ നിറഞ്ഞതായി തോന്നിക്കാനും സഹായിക്കുന്നു. ഉപാപചയപ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഇന്‍ഫ്‌ലമേഷന്‍ അകറ്റുന്നു
ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉള്ള സംയുക്തങ്ങളായ റെസ്വെറാട്രോള്‍, ആന്തോസയാനിനുകള്‍ ഇവ മള്‍ബെറിയില്‍ ധാരാളം ഉണ്ട്. ആന്തോസയാനിനുകള്‍ ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കാനും ഓക്‌സീകരണസമ്മര്‍ദം അകറ്റാനും മള്‍ബെറി ഇലയും സഹായിക്കും.
കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു
വൈറ്റമിന്‍ എ ധാരാളം അടങ്ങിയതിനാല്‍ ദിവസവും ഒരു ഗ്ലാസ് മള്‍ബെറി ജ്യൂസ് കുടിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്തും. കാഴ്ചശക്തി വര്‍ധിപ്പിക്കാനും കണ്ണിന്റെ സ്‌ട്രെയ്ന്‍ കുറയ്ക്കാനും വൈറ്റമിന്‍ എ മികച്ചതാണ്. ഫ്രീറാഡിക്കലുകളില്‍ നിന്നു സംരക്ഷണമേകാനും സഹായിക്കുന്നു. റെറ്റിനയ്ക്ക് നാശം ഉണ്ടാകുന്നതു വഴി കാഴ്ചശക്തി നഷ്ടപ്പെടാന്‍ കാരണമാകുന്നവയാണ് ഫ്രീറാഡിക്കലുകള്‍, പ്രത്യേകിച്ച് പ്രമേഹരോഗികളില്‍. പ്രമേഹത്തെ നിയന്ത്രിക്കുന്ന, രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാതെ നോക്കുന്ന നിരവധി സംയുക്തങ്ങള്‍ മള്‍ബെറിയില്‍ ഉണ്ട് എന്ന് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ബയോളജിക്കല്‍ സയന്‍സസില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
അല്‍സ്‌ഹൈമേഴ്‌സ് തടയുന്നു
കാത്സ്യം വളരെ കൂടിയ അളവില്‍ മള്‍ബെറിയില്‍ അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. മറവി രോഗത്തെ തടഞ്ഞ് തലച്ചോറിനെ ആരോഗ്യത്തോടെയും ഫ്രഷ് ആയും നിലനിര്‍ത്താന്‍ മള്‍ബെറി സഹായിക്കുന്നു.