നവാബ്ഷാ: പാകിസ്ഥാനിലെ നവാബ്ഷായില്‍ ട്രെയിന്‍ പാളം തെറ്റി മറിഞ്ഞ് 30ലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നൂറിലേപ്പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായാണ് പൊലീസ് വക്താവ് അന്തര്‍ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. കറാച്ചിയില്‍ നിന്ന് അബോട്ടാബാദിലേക്ക് പോകുകയായിരുന്ന, ഹസാര എക്‌സ്പ്രസിന്റെ 8 ബോഗികളാണ് പാളം തെറ്റിയത്. കറാച്ചിയില്‍ നിന്ന് 275 കിലോമീറ്റര്‍ അകലെ വച്ചാണ് ട്രെയിന്‍ പാളം തെറ്റിയത്.
അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം ഞായറാഴ്ചയാണ് അവസാനിച്ചത്. മറിഞ്ഞ കോച്ചുകളില്‍ യാത്രക്കാര്‍ കുടുങ്ങി കിടക്കുന്ന സാഹചര്യമുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഏറെ പണിപ്പെട്ടാണ് ഈ കോച്ച് ഉയര്‍ത്തിയത്. അപകടത്തെ തുടര്‍ന്ന് സിന്ധ് പ്രവിശ്യയിലേക്കുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ട്രെയിന്‍ അമിത വേഗത്തില്‍ ആയിരുന്നില്ലെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണം നടക്കുമെന്നും റെയില്‍വേ മന്ത്രി സാദ് റഫീഖ് വിശദമാക്കി. ട്രാക്കില്‍ വെള്ളം കയറിയ നിലയിലായിരുന്നുവെന്ന പ്രചാരണം റെയില്‍വേ നിഷേധിച്ചിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റവരെ സേനാ ഹെലികോപ്ടറുകളില്‍ മികച്ച സൌകര്യങ്ങളുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 2021 ല്‍ സിന്ധ് പ്രവിശ്യയില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 40 ഓളം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2013നും 2019നും ഇടയില്‍ പാകിസ്ഥാനിലുണ്ടായ വിവിധ ട്രെയിന്‍ അപകടങ്ങളില്‍ 150 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളതെന്നാണ് ലഭ്യമായ വിവരം
നേരത്തെ രാജ്യത്തെ നടുക്കി 293 പേരുടെ ജീവനെടുത്ത ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് ഏഴ് ജീവനക്കാരെ ഇന്ത്യന്‍ റെയില്‍വെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്. ഡ്യൂട്ടി സമയങ്ങളില്‍ ജാഗ്രത പാലിക്കാത്തതിന് സ്റ്റേഷന്‍ മാസ്റ്റര്‍, ട്രാഫിക് ഇന്‍സ്പെക്ടര്‍, മെയിന്റനര്‍ എന്നിവരുള്‍പ്പെടെ 7 പേരെയാണ് സസ്പെന്‍ഡ് ചെയ്തത്.