തിരുവനന്തപുരം: സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്ന പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക മുഴുവന്‍ കിട്ടാതെ മരിച്ചുപോയത് ആയിരത്തിലേറെയല്ല, മുക്കാല്‍ ലക്ഷത്തിലേറെപ്പേര്‍.
സംസ്ഥാന ട്രഷറി ഡയറക്ടറേറ്റ് വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ട കണക്കനുസരിച്ച് 2019 ജൂലൈ മുതല്‍ കഴിഞ്ഞ ഏപ്രില്‍ വരെ 77,000 സര്‍വീസ് പെന്‍ഷന്‍കാര്‍ മരണമടഞ്ഞു. ഓരോരുത്തര്‍ക്കും 2 ഗഡു കുടിശികയിനത്തില്‍ 10,000 രൂപ മുതല്‍ 40,000 രൂപ വരെയെങ്കിലും കിട്ടേണ്ടതായിരുന്നു. ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് ഉപകരിക്കേണ്ടിയിരുന്ന തുകയാണ് പലര്‍ക്കും കിട്ടാതെപോയത്.
2019 ജൂലൈ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്തു സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പരിഷ്‌കരിച്ചത്. 4 ഗഡുക്കളായി നല്‍കുമെന്നു പറഞ്ഞ പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയില്‍ 2 ഗഡുക്കളേ നല്‍കിയുള്ളൂ. ബാക്കി 2021 ഓഗസ്റ്റിലും നവംബറിലുമായി നല്‍കുമെന്നായിരുന്നു വാഗ്ദാനം. സാമ്പത്തിക പ്രതിസന്ധി കാരണം മൂന്നാം ഗഡു വിതരണം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കും (2022-23), നാലാം ഗഡു ഈ സാമ്പത്തിക വര്‍ഷത്തേക്കും (2023-24) മാറ്റിയെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല. ഈ ഇനത്തില്‍ 2800 കോടി രൂപ നല്‍കാനുണ്ടെന്നു മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനുപുറമേ 1400 കോടി ക്ഷാമാശ്വാസ കുടിശികയുമുണ്ട്.
മരണമടഞ്ഞവര്‍ക്കുള്ള കുടിശിക സര്‍ക്കാര്‍ അനുവദിക്കുമ്പോള്‍ നോമിനിക്കു കൈപ്പറ്റാം. നോമിനി ജിവിച്ചിരിപ്പില്ലെങ്കില്‍ നിയമപ്രകാരമുള്ള അവകാശികളെന്നു തെളിയിക്കുന്ന തഹസില്‍ദാരുടെ സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ക്കു പണം നല്‍കും.
ഒരു പെന്‍ഷനര്‍ മരിച്ചതായി വിവരം ലഭിച്ചാല്‍ അപ്പോള്‍ തന്നെ ട്രഷറി ഉദ്യോഗസ്ഥര്‍ പെന്‍ഷന്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റത്തില്‍ (പിംസ്) അതു രേഖപ്പെടുത്തി പെന്‍ഷന്‍ വിതരണം നിര്‍ത്തിവയ്ക്കും. ഇത്തരത്തില്‍ പിംസില്‍നിന്നു ശേഖരിച്ച കണക്കാണ് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ കൊട്ടാരത്തിലിന്റെ വിവരാവകാശ അപേക്ഷയ്ക്കു മറുപടിയായി ട്രഷറി ഡയറക്ടറേറ്റ് നല്‍കിയത്.