തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിലും കനത്ത മഴ. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ഉണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്. ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായും സംസ്ഥാനത്ത് മഴ ലഭിക്കും.
ഇന്നലെ രാത്രിമുതല്‍ വിവിധ ഇടങ്ങളില്‍ മഴ തുടരുകയാണ്. കോഴിക്കോട് ഇരുവഞ്ഞിപ്പുഴയിലെ ആനക്കാംപൊയില്‍ ഭാഗത്ത് മലവെള്ളപ്പാച്ചിലുണ്ടായി. കോഴിക്കോട് നഗരത്തില്‍ ഉള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ചാത്തമംഗലം കെട്ടാങ്ങലില്‍ നിര്‍ത്തിയിട്ട കാറിന് മുകളില്‍ മരം വീണു. ആളപായമില്ല. മുക്കത്ത് നിന്നും ഫയര്‍ഫോഴ്‌സെത്തി മരംമുറുച്ചുമാറ്റി. ഗതാഗതം പുനഃസ്ഥാപിച്ചു. തിരുവന്തപുരം പൊഴിയൂരില്‍ കടലാക്രമണത്തില്‍ ആറ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 37 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
ബിപോര്‍ജോയ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഭുജില്‍ മൂന്ന് മരണം. കനത്ത കാറ്റില്‍ മതില്‍ ഇടിഞ്ഞ് രണ്ട് കുട്ടികള്‍ മരിച്ചു. രാജ്‌കോട്ടില്‍ ബൈക്കില്‍ മരം വീണ് യുവതി മരിച്ചു. കച്ചിലും ദ്വാരകയിലുമായി 12,000 പേരെ ഒഴിപ്പിക്കുമെന്നും അറിയിപ്പുണ്ട്. ബിപോര്‍ജോയ് ചുഴലിക്കാറ്റ് രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് വിദേശ പൗരന്മാരെ ഒഴിപ്പിച്ചു. ഗുജറാത്ത് തീരത്തെ കീ സിംഗപ്പൂര്‍ റിഗ്ഗില്‍ നിന്നാണ് ഒഴിപ്പിക്കല്‍ നടന്നത്. വിദേശികള്‍ ഉള്‍പ്പെടെ അന്‍പത് വരെ കരയ്ക്ക് എത്തിച്ചു. ബിപോര്‍ജോയ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത ജാഗ്രതയിലാണ് ഗുജറാത്ത്. വ്യാഴാഴ്ച വൈകുന്നേരം ചുഴലിക്കാറ്റ് കര തൊടുമെന്നാണ് അറിയിപ്പ്. കര തൊടുമ്പോള്‍ 150 കിലോമീറ്റര്‍ വേഗത വരാം. ഗുജറാത്തിലെ ജാഖു പോര്‍ട്ടിനു സമീപമായിരിക്കും കര തൊടുക.
ഗുജറാത്തിലെ കച്ച്, സൗരാഷ്ട്ര തീരത്ത് ജാഗ്രതാനിര്‍ദേശം നല്‍കി. വ്യാഴാഴ്ച വരെ കടല്‍ പ്രക്ഷുബ്ധമാകും. അതിശക്തമായ മഴയും കാറ്റുമുണ്ടാകും. അപകട മേഖലകളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സംസ്ഥാന എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു. സാഹചര്യം കണക്കിലെടുത്ത്67 ട്രെയിനുകള്‍ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തിയിരുന്നു.