ഇന്ന് ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. ഏറെ സമയം മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന ശീലവും പലര്‍ക്കും ഉണ്ട്. ചൈനയിലെ ഗുവാങ്ഷൂ മെഡിക്കല്‍ സര്‍വകലാശാല നടത്തിയ ഒരു പഠനം പറയുന്നത് അരമണിക്കൂറോ അതിലധികമോ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് ഹൈപ്പര്‍ ടെന്‍ഷന്‍ വരാനുള്ള സാധ്യത 12 ശതമാനം വര്‍ധിപ്പിക്കും എന്നാണ്.
ലോകത്ത് 10 വയസ്സോ അതിനു മുകളിലോ ഉള്ള നാലില്‍ മൂന്നുപേരും സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉള്ളവരാണ്. കുറഞ്ഞ സോഡിയം ഫ്രീക്വന്‍സി ഊര്‍ജം മൊബൈല്‍ ഫോണുകള്‍ പുറത്തു വിടുന്നുണ്ട്. ഇതുമൂലം മൊബൈല്‍ ഫോണുമായുള്ള സമ്പര്‍ക്കം രക്തസമ്മര്‍ദം ഉയരാന്‍ കാരണമാകുന്നു- പഠനം പറയുന്നു.
അകാല മരണത്തിനും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ് ഹൈപ്പര്‍ ടെന്‍ഷന്‍. ഏതാനും മിനിറ്റ് മാത്രം മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കില്ല. എന്നാല്‍ കൂടുതല്‍ സമയം ആകുമ്പോള്‍ റിസ്‌ക്കും വര്‍ധിക്കുന്നു. ഹാന്‍ഡ്‌സ് ഫ്രീ സെറ്റുകള്‍ ഉപയോഗിക്കുന്നതോ വര്‍ഷങ്ങളോളം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതോ ഉയര്‍ന്ന രക്തസമ്മര്‍ദത്തിനു കാരണമാവില്ല. കൂടുതല്‍ പഠനങ്ങള്‍ ഈ മേഖലയില്‍ ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.
പഠനത്തിനായി, ഹൈപ്പര്‍ ടെന്‍ഷന്‍ ഇല്ലാത്ത, 37 മുതല്‍ 73 വയസു വരെ പ്രായമുള്ള 2,12,046 പേരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ യുകെ ബയോബാങ്കില്‍ നിന്ന് ശേഖരിച്ചു. വര്‍ഷങ്ങളുടെ ഉപയോഗം, ആഴ്ചയില്‍ എത്രമണിക്കൂര്‍ ഉപയോഗിക്കുന്നു, ഹാന്‍ഡ്‌സ് ഫ്രീ ഡിവൈസ് ആണോ, സ്പീക്കര്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ചോദ്യാവലിയിലൂടെ ശേഖരിച്ചു.
12 വര്‍ഷത്തെ ഫോളോ അപ്പില്‍ 13,984 പേര്‍ക്ക് (7%) ഹൈപ്പര്‍ ടെന്‍ഷന്‍ അഥവാ രക്താതിമര്‍ദം ബാധിച്ചതായി കണ്ടു. മൊബൈല്‍ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ആഴ്ചയില്‍ ഒരിക്കലെങ്കിലും മൊബൈല്‍ ഫോണില്‍ ഫോണ്‍ കോള്‍ ചെയ്യുന്നവര്‍ക്ക് ഹൈപ്പര്‍ ടെന്‍ഷന്‍ വരാനുള്ള സാധ്യത 7 ശതമാനം കൂടുതലാണെന്നു കണ്ടു.
ആഴ്ചയില്‍ അരമണിക്കൂറോ അതിലധികമോ മൊബൈലില്‍ സംസാരിക്കുന്നവര്‍ക്ക് ഹൈപ്പര്‍ ടെന്‍ഷനുള്ള സാധ്യത 12 ശതമാനം കൂടുതലാണെന്നു കണ്ടു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരേഫലം തന്നെയായിരുന്നു.
ആഴ്ചയില്‍ 30 മുതല്‍ 59 മിനിറ്റ് വരെ സംസാരിക്കുന്നവര്‍ക്ക് 8 ശതമാനവും ഒരു മണിക്കൂര്‍ മുതല്‍ 3 മണിക്കൂര്‍ വരെ ഫോണില്‍ സംസാരിക്കുന്നവര്‍ക്ക് 13 ശതമാനവും 4 മുതല്‍ 6 മണിക്കൂര്‍ വരെ 16 ശതമാനവും ആറു മണിക്കൂറിലധികം സംസാരിക്കുന്നവര്‍ക്ക് 25 ശതമാനവും ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള സാധ്യത യഥാക്രമം വര്‍ധിക്കുന്നതായി പഠനത്തില്‍ കണ്ടു.
കൂടുതല്‍ പഠനങ്ങള്‍ ഈ മേഖലയില്‍ ആവശ്യമാണെങ്കിലും, ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ മൊബൈല്‍ ഫോണ്‍കോളുകള്‍ വളരെ കുറയ്ക്കണമെന്ന് യൂറോപ്യന്‍ ഹാര്‍ട്ട് ജേണലായ ഡിജിറ്റല്‍ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.