തിരുവനന്തപുരം: മുതലപ്പൊഴിയിലുണ്ടായ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് മന്ത്രി ആന്റണി രാജു ആരോപിച്ചു. തീരപ്രദേശത്ത് സംഘര്‍ഷം ഉണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. അത് ജനങ്ങള്‍ മനസിലാക്കണമെന്നും ആന്റണി രാജു അഭിപ്രായപ്പെട്ടു.
മുതലപ്പൊഴിയിലെ അപകടങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണ്ടതാണ്. എല്ലാ നടപടികളും സ്വീകരിച്ച ശേഷമാണ് മന്ത്രിമാരെല്ലാം സ്ഥലത്തെത്തിയത്. അവര്‍ എത്തിയതോടെ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പടെ നാല് പേര്‍ ആദ്യം പ്രതിഷേധിച്ചു. സ്ഥലത്ത് സംഘര്‍ഷം ഉണ്ടാകാതിരിക്കാനാണ് മന്ത്രിമാര്‍ ഇടപെട്ടത്. അത് ജനം മനസിലാക്കണം. പ്രതിഷേധത്തിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യമാണ്. പൊലീസ് കേസെടുത്തത് സ്വാഭാവികനടപടി മാത്രമാണ്. മന്ത്രിമാര്‍ പൊലീസിന് പരാതി നല്‍കിയിട്ടല്ല കേസ് എടുത്തതെന്നും മന്ത്രി പറഞ്ഞു.
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചതിന് പിന്നാലെ സ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരെ തടഞ്ഞ സംഭവത്തിലാണ് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേരക്കെതിരെ കേസ് എടുത്തത്. അഞ്ചുതെങ്ങ് പൊലീസാണ് കേസ് എടുത്തത്. ഐപിസി 153 വകുപ്പ് പ്രകാരം കലാപാഹ്വാനത്തിനാണ് കേസെടുത്തിരിക്കുന്നത്. അഞ്ചുതെങ്ങ് പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു തനിക്കെതിരെ കേസെടുക്കുന്നതും രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നതും ആദ്യമായല്ലെന്നാണ് യൂജിന്‍ പെരേര ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. നിയമ ലംഘനത്തിന്റെ വഴി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റവും അപകടകരമായ സ്ഥിതിയിലാണ് മുതലപ്പൊഴി നിര്‍മിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ വിഴിഞ്ഞത്ത് വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും വിഴിഞ്ഞം സമരസമയത്തും തന്നെ രാജ്യദ്രോഹി എന്ന് വിളിച്ചുവെന്നും യൂജിന്‍ പെരേര ആരോപിച്ചു. മനസിലുള്ള തിരക്കഥ പോലെയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍. ആസൂത്രിതമായുള്ള നപടിയായി ഇതിനെ കാണുന്നു. ജനാധിപധ്യത്തിന്റെ മൂന്ന് തൂണുകളെയും സര്‍ക്കാര്‍ വരുതിയിലാക്കി. നാലാം തൂണിനെ ഇല്ലാതാക്കാനാണ് ശ്രമംനടക്കുന്നത്. അധികാരത്തിന്റെ മറവില്‍ മാധ്യമങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നുവെന്നും യൂജിന്‍ പെരേര പറഞ്ഞു.
ഫാദര്‍ യൂജിന്‍ പെരേരക്കെതിരെ കൂടുതല്‍ പ്രതികരണത്തിനില്ലെന്നാണ് മന്ത്രി ആന്റണി രാജു പറഞ്ഞത്. അതേക്കുറിച്ച് പറയാനുള്ളത് മന്ത്രി വി ശിവന്‍കുട്ടിയും യൂജിന്‍ പെരേരയും പറഞ്ഞുകഴിഞ്ഞു. ഇനി ഒരു കൂട്ടിച്ചേര്‍ക്കലിന് ഇല്ല. ആരെയും ഭയന്ന് മന്ത്രിമാര്‍ മടങ്ങിപ്പോയിട്ടില്ല. എല്ലാ ഇടപെടലും നടത്തിയശേഷമാണ് മന്ത്രിമാര്‍ സ്ഥലത്ത് നിന്ന് മടങ്ങിയതെന്നും ആന്റണി രാജു പറഞ്ഞു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലു മണിയോടെയാണ് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് നാല് പേരെ കാണാതായത്. പരലോകമാത എന്ന ബോട്ടാണ് ശക്തമായ തിരയില്‍ അപകടത്തില്‍പെട്ടത്. ഇതില്‍ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്കായി തിരച്ചില്‍ തുടരുകയുമാണ്. അപകടങ്ങള്‍ പതിവായ മുതലപ്പൊഴിയില്‍ ഒരാഴ്ചക്കിടയിലുണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്. മുതലപ്പൊഴി ഭാഗത്ത് തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ ശാശ്വത പരിഹാരം ആവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പുലിമുട്ട് നിര്‍മ്മാണത്തില്‍ അപാകതയുണ്ട്. അത് പരിഹരിക്കാന്‍ നടപടി വേണമെന്ന് നാട്ടുകാര്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു.