കൊച്ചി: കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ നന്ദിനി പാല്‍ കേരളത്തില്‍ വില്‍ക്കാനുള്ള ശ്രമത്തെ ചെറുത്തുതോല്‍പിക്കുമെന്നു മില്‍മ. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ അനാരോഗ്യകരമായ പ്രവണത തുടര്‍ന്നാല്‍ കേരളത്തിലെ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്നതിനു പുറമേ, കര്‍ണാടകയിലെ കര്‍ഷകരില്‍ നിന്നു പാല്‍ നേരിട്ടു സംഭരിക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നു മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം.ടി.ജയന്‍ പറഞ്ഞു.
കേരളത്തിലെ വില്‍പന വിലയെക്കാള്‍ കൂടുതല്‍ വില നല്‍കിയാണ് മില്‍മ കര്‍ണാടക ഉള്‍പ്പെടെ ഇതര സംസ്ഥാനങ്ങളിലെ സഹകരണ ഫെഡറേഷനുകളില്‍ നിന്നു പാല്‍ വാങ്ങി കേരളത്തിലെ പാല്‍ ലഭ്യത ഉറപ്പാക്കുന്നത്. സഹകരണത്തിന്റെ കൂട്ടായ്മയും ആനന്ദ് മാതൃകയുടെ അന്തഃസത്തയും ഉള്‍ക്കൊള്ളുന്നതിനാല്‍ അവിടങ്ങളിലെ കര്‍ഷകരില്‍ നിന്നു നേരിട്ടു പാല്‍ സംഭരിക്കാന്‍ മില്‍മ ഇതുവരെ ശ്രമിച്ചിട്ടില്ല. ഇനി അതു വേണ്ടിവരുമെന്ന സ്ഥിതിയാണ്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കു കത്തയച്ചിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ നിന്നു പാല്‍ കൊണ്ടുവന്ന് കേരളത്തില്‍ വില്‍പന നടത്തുന്ന സ്വകാര്യ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ അങ്കമാലിയിലെ ഇന്‍കല്‍ പാര്‍ക്കില്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് സ്ഥലവും സൗകര്യവും ഒരുക്കി കൊടുക്കുന്നതു കേരളത്തിലെ ക്ഷീരസഹകരണ മേഖലയെയും ക്ഷീരകര്‍ഷകരെയും ദോഷകരമായി ബാധിക്കുമെന്നും എം.ടി.ജയന്‍ പറഞ്ഞു.