കോഴിക്കോട്: അവിസ്മരണീയമായ കഥാപാത്രങ്ങള്‍ ബാക്കിയാക്കി മലയാളസിനിമയിലെ കോഴിക്കോടിന്റെ മുഖം മാമുക്കോയ യാത്രയായി. കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ രാവിലെ പത്തിനായിരുന്നു കബറടക്കം. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകള്‍ നടന്നത്. ഒന്‍പത് മണിവരെ വീട്ടില്‍ പൊതുദര്‍ശനമുണ്ടായിരുന്നു. ശേഷം അരക്കിണര്‍ മുജാഹിദ് പള്ളിയിലും തുടര്‍ന്ന് കണ്ണമ്പറമ്പ് പള്ളിയിലും മയ്യത്ത് നമസ്‌കാരം. തുടര്‍ന്നായിരുന്നു കബറടക്കം.
താര സംഘടനയായ അമ്മയ്ക്ക് വേണ്ടി ഇടവേള ബാബു മാമുക്കോയയുടെ വീട്ടില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. നടന്‍ ജോജു ജോര്‍ജ്, ഇര്‍ഷാദ്, നിര്‍മാതാവ് ആര്യാടന്‍ ഷൗക്കത്ത്, മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവരും വീട്ടില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.
ബുധനാഴ്ച 1.05-ന് സ്വകാര്യ ആശുപത്രിയിലായിരുന്നു മാമുക്കോയയുടെ അന്ത്യം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്നാണ് മരണം. സിനിമ- നാടക -സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ളവരും ആരാധകരും നാട്ടുകാരുമെല്ലാം ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടെ ടൗണ്‍ഹാളിലേക്ക് നടന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.