ഈ വര്‍ഷം തമിഴ് സിനിമയില്‍ കഥ കൊണ്ടും മേക്കിങ് കൊണ്ടും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട സിനിമകളിലൊന്നാണ് വെട്രിമാരന്റെ ‘വിടുതലൈ’. ബി ജയമോഹന്റെ ‘തുണൈവന്‍’ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ പിരീഡ് ക്രൈം ത്രില്ലര്‍ സൂരി, വിജയ് സേതുപതി എന്നിവര്‍ മത്സരിച്ചഭിനയിച്ച സിനിമ കൂടിയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടെന്ന് സംവിധായകന്‍ സിനിമയിലെ ക്ലൈമാക്‌സില്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ചിത്രവുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകളെത്തുമ്പോള്‍ രണ്ടാം ഭാഗത്തില്‍ മോളിവുഡിന്റെ ലേഡി സൂപ്പര്‍ സ്റ്റാറും ഭാഗമാവുകയാണ്.
വെട്രിമാരന്റെ തന്നെ വിജയ ചിത്രം ‘അസുരനി’ല്‍ മഞ്ജു വാര്യര്‍ നായിക വേഷത്തിലെത്തിയിരുന്നു. ധനുഷിനൊപ്പമുള്ള നടിയുടെ ശക്തമായ കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ മഞ്ജു കൂടി ഉള്‍പ്പെടുന്ന ‘വിടുതലൈ 2’ന്റെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കും. നിരവധി ലൈനപ്പുകളുള്ളതിനാല്‍ രണ്ടാം ഭാഗം താല്‍ക്കാലികമായി മാറ്റിവെയ്ക്കുമെന്നായിരുന്നു മുന്‍പ് വന്ന റിപ്പോര്‍ട്ടുകള്‍.
വിടുതലൈയില്‍ കോണ്‍സ്റ്റബിള്‍ കുമരേശനായെത്തിയ സൂരിയുടെ കരിയര്‍ ബെസ്റ്റ് ചിത്രമാണ് വിടുതലൈ എന്നാണ് പ്രേക്ഷക പക്ഷം. മാവോയിസ്റ്റ് നേതാവായാണ് വിജയ് സേതുപതി അഭിനയിച്ചത്. രണ്ടാം ഭാഗത്തില്‍ വിജയ് സേതുപതി അവതരിപ്പിച്ച പെരുമാള്‍ വാതിയാര്‍ എന്ന കഥാപാത്രത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ പോരാട്ടവും ശക്തമായ രാഷ്ട്രീയവുമാണ് വിടുതലൈ പറഞ്ഞു വെക്കുന്നത്. ചിത്രം ബോക്‌സ് ഓഫീസിലും നേട്ടമുണ്ടാക്കിയിരുന്നു.