ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്നും ബഹളം. തുടര്‍ന്ന് രാജ്യസഭ 12 മണിവരേയും ലോക്സഭാ ഉച്ചയ്ക്ക് രണ്ട് മണിവരേയും നിര്‍ത്തിവെച്ചു. മണിപ്പൂര്‍ വിഷയത്തില്‍ ഹൃസ്വ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും രണ്ട് മണിക്ക് വിഷയം ചര്‍ച്ച ചെയ്യാമെന്നും രാജ്യസഭയില്‍ അധ്യക്ഷന്‍ പിയൂഷ് ഗോയല്‍ അറിയിച്ചു.
‘പ്രതിപക്ഷം എന്തിനെയാണ് ഭയപ്പെടുന്നത്. ഞങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറായപ്പോഴും പ്രതിപക്ഷം അത് അലങ്കോലമാക്കുന്നതാണ് കണ്ടത്. പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തിയ പ്രതിപക്ഷം നിരവധി ദിവസങ്ങള്‍ പാഴാക്കി. ചര്‍ച്ചയില്‍ നിന്നും പ്രതിപക്ഷം ഒളിച്ചോടുകയാണ്.’ പീയുഷ് ഗോയല്‍ പറഞ്ഞു.
റൂള്‍ 2678 പ്രകാരം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മണിപ്പൂര്‍ കത്തുകയാണ്. ഗൗരവതരമായ വിഷയമാണ്. ഈ സാഹചര്യത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച നടത്തണമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. എന്നാല്‍ റൂള്‍ 176 അനുസരിച്ച് ഹൃസ്വ ചര്‍ച്ച നടത്താമെന്നാണ് സര്‍ക്കാര്‍ നിലപാട്. അത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷവും നിലപാട് സ്വീകരിച്ചതോടെ രാജ്യസഭ ബഹളത്തില്‍ മുങ്ങി.
ലോക്സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷ എംപിമാര്‍ നടത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. വര്‍ഷകാല സമ്മേളനം തുടങ്ങിയ ദിവസം മുതല്‍ മണിപ്പൂര്‍ വിഷയത്തില്‍ ഇരുസഭകളും പ്രക്ഷുബ്ധമാണ്.