ഇംഫാല്‍: മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ പേരില്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയ്‌ക്കെതിരെ പൊലീസ് കേസ്. മെയ്‌തെയ് വിഭാഗത്തിന് അനുകൂലമായി മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചുവെന്നാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാര്‍ ഏകപക്ഷീയമായി മെയ്‌തെയ് വിഭാഗത്തിനൊപ്പം നിന്നുവെന്ന് ചൂണ്ടിക്കാട്ടിയ
സമിതിയിലെ മൂന്ന് അംഗങ്ങള്‍ക്കെതിരെയാണ് കേസ്.
മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് ഇംഫാലിലെ പത്രങ്ങള്‍ പ്രചരിപ്പിച്ചത് എണ്ണിയാലൊടുങ്ങാത്ത വ്യാജവാര്‍ത്തകളായിരുന്നു. കലാപസമയത്ത് സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയത് വിപരീതഫലമാണ് ഉണ്ടാക്കിയത്. എന്നാല്‍ സമിതിയുടെ റിപ്പോര്‍ട്ട് ‘വ്യാജവും കെട്ടിച്ചമച്ചതും സ്‌പോണ്‍സേര്‍ഡും’ ആണെന്നാണ് പൊലീസ് എഫ്‌ഐആര്‍.
ഇംഫാലിലെ സാമൂഹികപ്രവര്‍ത്തകന്‍ എന്‍.ശരത് സിങ് നല്‍കിയ പരാതിയിലാണു പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഓഗസ്റ്റ് 7 മുതല്‍ 10 വരെ മണിപ്പുര്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സീമ ഗുഹ, സഞ്ജയ് കപുര്‍, ഭരത് ഭൂഷണ്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റിന്റെ പേരും എഫ്‌ഐആറിലുണ്ടെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ചുരാചന്ദ്പുര്‍ ജില്ലയില്‍ കുക്കി വീട് കത്തുന്നെന്ന അടിക്കുറിപ്പോടെ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ചിത്രം യഥാര്‍ഥത്തില്‍ വനംവകുപ്പിന്റെ ബീറ്റ് ഓഫിസിന്റേതാണെന്ന് എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടി. ഫോട്ടോയുടെ അടിക്കുറിപ്പില്‍ തെറ്റുപറ്റിയെന്ന് അംഗീകരിച്ച എഡിറ്റേഴ്‌സ് ഗില്‍ഡ്, സംഭവത്തില്‍ ഖേദിക്കുന്നതായി അറിയിച്ചു. തിരുത്തിയ റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കുമെന്നു സമൂഹമാധ്യമമായ എക്‌സില്‍ (ട്വിറ്റര്‍) വ്യക്തമാക്കി.
വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് ദിമാപുര്‍ ആസ്ഥാനമായ കരസേനയുടെ സ്പിയര്‍ കോര്‍, എഡിറ്റേഴ്‌സ് ഗില്‍ഡിന് കത്തെഴുതിയിരുന്നു. തുടര്‍ന്നാണു മൂന്നംഗ സമിതിയെ എഡിറ്റേഴ്‌സ് ഗില്‍ഡ് നിയോഗിച്ചത്.