ഇംഫാല്‍: മണിപ്പൂരില്‍ 35പേരുടെ കൂട്ടസംസ്‌കാരം തടഞ്ഞുകൊണ്ട് തല്‍സ്ഥിതി തുടരാന്‍ മണിപ്പൂര്‍ ഹൈക്കോടതിയുടെ ഉത്തരവ്. പുലര്‍ച്ചെ ഇംഫാലില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വെടിവെയ്പ്പ് ഉണ്ടായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കോടതി അടിയന്തിരമായി കേസ് പരിഗണിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ക്രമസമാധാനം നിലനിര്‍ത്തുന്നതിന് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ഉചിതവും ഫലപ്രദവുമായി തീരുമാനമെടുക്കണമെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് എം വി മുരളീധരനും ജസ്റ്റിസ് എ ഗുണേശ്വര്‍ ശര്‍മ്മയും അടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ കോടതി ഉത്തരവ് ലഭിച്ചെന്നും സംസ്‌കാര ചടങ്ങുകള്‍ നിര്‍ത്തിവെച്ചുവെന്നും കുക്കി സംഘടനകള്‍ അറിയിച്ചു. പ്രാര്‍ത്ഥനകള്‍ തുടരുമെന്നും ഇവര്‍ അറിയിച്ചു. ഓഗസ്റ്റ് 9ന് കേസ് കേള്‍ക്കുന്നത് വരെ തല്‍സ്ഥിതി തുടരാനാണ് കോടതി നിര്‍ദ്ദേശം.
വംശീയ കലാപത്തില്‍ കൊല്ലപ്പെട്ട 35ഓളം കുക്കി വിഭാഗത്തില്‍പ്പെട്ടവരെയാണ് കൂട്ടമായി സംസ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നത്. ചുരാചന്ദ്പൂര്‍ ജില്ലയിലെ എസ് ബോലിജങ്ങ് ഗ്രാമത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ തീരുമാനിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ ആറ് മണിക്ക് കേസ് കേട്ടതിന് ശേഷം ആക്ടിംഗ് ചീഫ് ജസ്റ്റിസ് എം വി മുരളീധരനാണ് കൂട്ട ശവസംസ്‌കാരം തടഞ്ഞത്. ഇന്‍ഡിജീനിയസ് ട്രൈബല്‍ ലീഡേഴ്സ് ഫോറമാണ് കൂട്ടസംസ്‌കാരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്. മൂന്ന് സ്ത്രീകള്‍ അടക്കം 35 മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിക്കുമെന്നായിരുന്നു പ്രഖ്യാപനം.
ഇതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം കൂട്ടസംസ്‌കാരം അഞ്ച് ദിവസത്തേക്ക് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതായി ഇന്‍ഡിജീനിയസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം അറിയിച്ചു. ‘പുതിയ സംഭവവികാസത്തെതുടര്‍ന്ന് ഞങ്ങള്‍ ബുധനാഴ്ച രാത്രി മുതല്‍ പുലര്‍ച്ചെ 4 വരെ ആഭ്യന്തര മന്ത്രാലയുവുമായി നീണ്ട ചര്‍ച്ച നടത്തിയിരുന്നു. സംസ്‌കാരം അഞ്ച് ദിവസം കൂടി നീട്ടിവയ്ക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഞങ്ങളോട് അഭ്യര്‍ത്ഥിച്ചു, ആ അഭ്യര്‍ത്ഥന മാനിച്ചാല്‍ ഞങ്ങളെ അതിന് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സ്ഥലത്ത് അടക്കം ചെയ്യുക, ശ്മശാനത്തിനായി സര്‍ക്കാര്‍ ഭൂമി നിയമവിധേയമാക്കും. ഈ അഭ്യര്‍ത്ഥന മിസോറാം മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായിട്ടുണ്ട്,’ തദ്ദേശീയ ആദിവാസി നേതാക്കളുടെ ഫോറം പ്രസ്താവനയില്‍ പറഞ്ഞു.