ന്യൂഡല്‍ഹി: മണിപ്പുരില്‍ കലാപം തുടരവേ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് ഇംഫാലിലാണ് യോഗം. എന്നാല്‍ യോഗം നടക്കുമ്പോള്‍ പ്രധാനമന്ത്രി രാജ്യത്തില്ലാത്തതില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ സന്ദര്‍ശനം നടത്തുമ്പോഴാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നതെന്നും യോഗം അദ്ദേഹത്തിന് പ്രധാനപ്പെട്ടതല്ലെന്ന് വ്യക്തമാക്കുന്നതാണിതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
”50 ദിവസങ്ങളായി മണിപ്പുര്‍ കത്തുകയാണ്, പക്ഷേ പ്രധാനമന്ത്രി നിശബ്ദനായിരുന്നു. അദ്ദേഹം രാജ്യത്തില്ലാത്ത സമയത്താണ് യോഗം വിളിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്ക് ഈ യോഗം പ്രധാനപ്പെട്ടതല്ലെന്ന് വ്യക്തമാക്കുന്നതാണിത്”- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലും വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
അതേസമയം മണിപ്പുരില്‍ ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ ജനം ഒഴിഞ്ഞുപോയ യുറാങ്പഥ്, ഗ്വാല്‍താബി ഗ്രാമങ്ങളില്‍ കാവല്‍നില്‍ക്കുന്ന സുരക്ഷാസേനയ്ക്കുനേരെ വീണ്ടും കലാപകാരികള്‍ വെടിവച്ചു. സേന സംയമനം പാലിച്ചതിനാല്‍ സംഘര്‍ഷം ഒഴിവായി. കഴിഞ്ഞദിവസം രണ്ടു സൈനികര്‍ക്ക് വെടിവയ്പില്‍ പരിക്കേറ്റിരുന്നു.