കൊച്ചി: വാഹനത്തിന്റെ ഉടമസ്ഥാവകാശം സ്ഥിരീകരിക്കുന്നതിനും തട്ടിപ്പുകള്‍ തടയുന്നതിനും ആധാര്‍ പരിശോധന നിര്‍ബന്ധമാക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുടെ അഭിപ്രായം തേടി കേരള ഹൈക്കോടതി. ഇതു സംബന്ധിച്ച് യുവതി നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. തന്റെ വാഹനത്തിന്റെ ഉടമസ്ഥാവകാശം തന്റെ സമ്മതമില്ലാതെ വ്യാജ ഒപ്പിട്ട് ഭര്‍ത്താവ് സ്വന്തമാക്കിയെന്ന് ആരോപിച്ചാണ് യുവതി കോടതിയെ സമീപിച്ചത്.
1989ലെ സെന്‍ട്രല്‍ മോട്ടര്‍ വാഹന നിയമപ്രകാരം വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ആവശ്യമായ ഫോം 29, 30 എന്നിവയില്‍ ഭര്‍ത്താവ് തന്റെ ഒപ്പ് വ്യാജമായി നിര്‍മിച്ചാണ് ഉടമസ്ഥാവകാശ കൈമാറ്റം പൂര്‍ത്തിയാക്കിയതെന്ന് അവര്‍ പറഞ്ഞു. ഭര്‍ത്താവുമായി മാസങ്ങളായി പിരിഞ്ഞു താമസിക്കുകയാണെന്നും കുട്ടിയെ ഒപ്പംനിര്‍ത്തുന്നതിന്റെ നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നതിനിടെയാണ് ഭര്‍ത്താവ് തന്റെ വാഹനത്തിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയതായി കണ്ടെത്തിയതെന്നും ഹര്‍ജിയില്‍ പറയുന്നു.
പരിവാഹന്‍ വെബ്സൈറ്റില്‍, ഒരു വാഹനത്തിന്റെ റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് കൈവശമുള്ള ആര്‍ക്കും വാഹനത്തിന്റെ ഉടമസ്ഥാവകാശം യഥാര്‍ഥ ഉടമയുടെ പേരില്‍നിന്ന് സ്വന്തം പേരിലേക്ക് മാറ്റാമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് ഒടിപി നമ്പര്‍ മാത്രമാണ് ആവശ്യം. ഉടമയുടെ അറിവില്ലാതെ ലിങ്ക് ചെയ്ത ഫോണ്‍ നമ്പര്‍ മാറ്റാനും കഴിയും. ഫോം 29, 30 എന്നിവയിലെ ഒപ്പ് യഥാര്‍ഥമാണോ എന്ന് ഉറപ്പുവരുത്താന്‍ ഒരു സംവിധാനവും സ്വീകരിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
അതിനാല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട എന്തെങ്കിലും മാറ്റങ്ങള്‍/തിരുത്തലുകള്‍ എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയാല്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്ന് യുവതി തന്റെ അപേക്ഷയില്‍ നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ കേന്ദ്ര, സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍, റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ എന്നിവരുടെ അഭിപ്രായം തേടിയത്. ഹര്‍ജിക്കാരിയുടെ ഭര്‍ത്താവിന്റെ വിശദീകരണവും തേടിയിട്ടുണ്ട്.