കൊല്‍ക്കത്ത: രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മികച്ച ഇനം മാമ്പഴങ്ങള്‍ അയച്ചുകൊടുത്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 12 വര്‍ഷത്തെ പാരമ്പര്യം പിന്തുടര്‍ന്നാണ് ഈ വര്‍ഷവും പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് മമത ബാനര്‍ജി മാമ്പഴങ്ങള്‍ അയച്ചുകൊടുത്തത്. ചൊവ്വാഴ്ച വൈകിട്ടാണ് മാമ്പഴങ്ങള്‍ അയച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ഹിംസാഗര്‍, ലക്ഷ്മണഭോഗ്, ഫാസ്ലി എന്നിവയുടേതുള്‍പ്പെടെ നാല് കിലോഗ്രാം വീതം വിവിധയിനം മാമ്പഴങ്ങളാണ് പ്രധാനമന്ത്രിയുടെ വസതിയായ ഡല്‍ഹി 7, ലോക് കല്യാണ്‍ മാര്‍ഗിലേക്ക് അയച്ചതെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രപതി ദ്രൗപദി മുര്‍മു, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എന്നിവര്‍ക്കും മാമ്പഴം അയച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
2021ല്‍ മമത അയച്ച മാമ്പഴങ്ങള്‍ക്ക് മറുപടിയായി, മമതയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഷെയ്ഖ് ഹസീന 2,600 കിലോ മാമ്പഴം അയച്ചുനല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനും മമത ബാനര്‍ജി മാമ്പഴം അയച്ചിരുന്നു.
വര്‍ഷങ്ങളായി മമതയും മോദിയും തമ്മില്‍ അസ്വാരസ്യത്തിലാണ്. എങ്കിലും 2019ല്‍, ദുര്‍ഗാ പൂജയോടനുബന്ധിച്ച് മമത കുര്‍ത്തയും പൈജാമയും മധുരപലഹാരങ്ങളും അയച്ചിരുന്നുവെന്ന് മോദി വെളിപ്പെടുത്തിയിരുന്നു. ”എനിക്ക് പ്രതിപക്ഷ പാര്‍ട്ടികളില്‍ ധാരാളം സുഹൃത്തുക്കളുണ്ട്. എല്ലാ വര്‍ഷവും മമത ദീദി വ്യക്തിപരമായി ഒന്നോ രണ്ടോ കുര്‍ത്തകള്‍ എനിക്കായി തിരഞ്ഞെടുക്കുന്നുവെന്നറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും”- ബോളിവുഡ് നടന്‍ അക്ഷയ് കുമാറുമായുള്ള സംഭാഷണത്തിനിടെ മോദി വെളിപ്പെടുത്തി.