ഡാളസ്: അമേരിക്കയില്‍ അരങ്ങേറിയ മേജര്‍ ലീഗ് ക്രിക്കറ്റിന്റെ ആദ്യ കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസി ടീമായ മുംബൈ ഇന്ത്യന്‍സ് ന്യൂയോര്‍ക്ക്. തിങ്കളാഴ്ച നടന്ന ഫൈനലില്‍ സിയാറ്റില്‍ ഓര്‍ക്കാസിനെതിരെ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ന്യൂയോര്‍ക്ക് ടീം നേടിയത്. ഓര്‍ക്കാസ് ഉയര്‍ത്തിയ 184 വിജയലക്ഷ്യം 16 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് മറികടന്നു. മുംബൈ ഇന്ത്യന്‍സ് നായകന്‍ നിക്കോളാസ് പൂരന്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ടീമിന് മിന്നും വിജയം സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട സിയാറ്റില്‍ ഓര്‍ക്കാസ് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടി. ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്കിന്റെ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് സിയാറ്റില്‍ പൊരുതാവുന്ന സ്‌കോറിലെത്തിയത്. 52 പന്തില്‍ നാല് സിക്‌സും ഒന്‍പത് ഫോറുമടക്കം 87 റണ്‍സാണ് ഡി കോക്ക് നേടിയത്. എന്നാല്‍ പിന്നീടെത്തിയ മറ്റു ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. മധ്യനിരയില്‍ ട്രെന്‍ഡ് ബോള്‍ട്ടും റാഷിദ് ഖാനും ചേര്‍ന്ന് ഓര്‍ക്കാസിന്റെ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടേയിരുന്നു. 29 റണ്‍സെടുത്ത ശുഭം രഞ്ജനെ, 21 റണ്‍സെടുത്ത ഡ്വെയ്ന്‍ പ്രിട്ടോറിയസ് എന്നിവരാണ് പിടിച്ചു നിന്ന മറ്റു താരങ്ങള്‍. മുംബൈക്കായി ട്രെന്‍ഡ് ബോള്‍ട്ട്, റാഷിദ് ഖാന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. റാഷിദ് നാലോവറില്‍ വെറും ഒന്‍പത് റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂയോര്‍ക്ക് ടീമിന് തുടക്കത്തില്‍ തന്നെ സ്റ്റീവന്‍ ടെയ്‌ലറുടെ (0) വിക്കറ്റ് നഷ്ടമായി. മൂന്നാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ നിക്കോളാസ് പൂരന്‍ സിയാറ്റില്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പറപ്പിച്ചു. മറ്റു ബാറ്റര്‍മാരെ കാഴ്ചക്കാരായി നിര്‍ത്തി പൂരന്‍ മത്സരം കൈപിടിയിലൊതുക്കി. 55 പന്തുകളില്‍ 10 ബൗണ്ടറികളും 13 സിക്സറുകളുമടക്കം 137 റണ്‍സ് നേടി ക്യാപ്റ്റന്‍ പുറത്താാവതെ നിന്നു. തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തില്‍ 24 പന്തുകള്‍ ശേഷിക്കെ മുംബൈ വിജയം കണ്ടു.