കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി കൊച്ചിയില്‍ ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യ സ്ഥിതി മോശമായതിനാല്‍ സ്വദേശമായ അന്‍വാര്‍ശ്ശേരിയിലേക്ക് പോകുന്നതില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെയാണ് കൊച്ചിയില്‍ വെച്ച് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും രക്തത്തില്‍ ക്രിയാറ്റിന്റെ അളവ് കൂടിയതുമാണ് മഅദനിയുടെ ആരോഗ്യ സ്ഥിതി മോശമാക്കിയത്.
വിചാരണ തടവുകാരനായ മഅദനിക്ക് 12 ദിവസത്തേക്കാണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചത്. സുപ്രീംകോടതിയുടെ പ്രത്യേക അനുമതിയില്‍ ബെംഗളൂരുവില്‍ നിന്ന് തിങ്കളാഴ്ച്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മഅദനിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. രാത്രി ഒന്‍പത് മണിയോടെയാണ് മഅദനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം, മഅദനിയുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് പിഡിപി നേതാക്കള്‍ അറിയിച്ചിരുന്നു.
മഅദനിയുടെ സുരക്ഷയ്ക്ക് 10 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. സുരക്ഷാ ചെലവിലേക്കായി കെട്ടിവെക്കേണ്ട 60 ലക്ഷം രൂപയില്‍ കര്‍ണാടക സര്‍ക്കാര്‍ ചെറിയ ഇളവ് നല്‍കിയിട്ടുണ്ട്. വിചാരണ തടവുകാരനായി ഇത്രയധികം കാലം കഴിയേണ്ടി വന്നത് നീതി നിഷേധമാണെന്നും, ഇത്രയധികം കാലം വിചാരണത്തടവുകാരനായി തനിക്ക് കഴിയേണ്ടി വന്നത് രാജ്യത്തെ നീതി ന്യായവ്യവസ്ഥയ്ക്ക് തന്നെ നാണക്കേടാണെന്നും യാത്ര പുറപ്പെടുന്നതിന് മുമ്പ് മദനി പറഞ്ഞിരുന്നു.