മോസ്‌കോ: റഷ്യയുടെ ചാന്ദ്രപര്യവേക്ഷക ലാന്‍ഡര്‍ ദൗത്യം ‘ലൂണ 25’ നിയന്ത്രണമറ്റ് ചന്ദ്രനില്‍ തകര്‍ന്നുവീണതിനു പിന്നാലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍. മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ മിഖായേല്‍ മാറോവിനെയാണ് (90) ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സോവിയറ്റ് യൂണിയന്റെ കാലംതൊട്ടേ റഷ്യയുടെ സ്‌പേസ് ദൗത്യങ്ങളില്‍ ഇദ്ദേഹം ഭാഗമാണ്.
47 വര്‍ഷത്തിനുശേഷം റഷ്യ വിട്ട ചാന്ദ്രദൗത്യമാണ് കഴിഞ്ഞ ദിവസം പരാജയപ്പെട്ടത്. താഴ്ന്ന ഭ്രമണപഥത്തിലേക്ക് ഇറങ്ങുന്നതിനിടെ ദൗത്യത്തിന്റെ നിയന്ത്രണംവിട്ട് ഇടിച്ചിറങ്ങുകയായിരുന്നു. ചന്ദ്രയാന്‍ 3നു മുന്‍പ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുമെന്നു കരുതിയതായിരുന്നു ലൂണ. ഈ സംഭവത്തിനു മണിക്കൂറുകള്‍ക്കകം മിഖായേലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നാണു റിപ്പോര്‍ട്ട്.
ചാന്ദ്രദൗത്യത്തിന്റെ തിരിച്ചടി തന്നെ തകര്‍ത്തെന്നും അത് ആരോഗ്യത്തെ ബാധിച്ചതായും മിഖായേല്‍ പറഞ്ഞു. ”ഞാന്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഞാനെങ്ങനെ ആശങ്കപ്പെടാതിരിക്കും? ഇത് ജീവിതത്തിന്റെ വലിയൊരു ഭാഗമാണ്. എന്നെ സംബന്ധിച്ച്, ഞങ്ങളുടെ ചാന്ദ്രദൗത്യത്തിന്റെ പുനരുദ്ധാരണത്തിനുള്ള അവസാന പ്രതീക്ഷയായിരുന്നു. ഈ സംഭവങ്ങളെല്ലാം വളരെ കഠിനമാണ്.”- ക്രെംലിനിലെ ആശുപത്രിയില്‍നിന്നും മിഖായേല്‍ പ്രതികരിച്ചു.