തിരുവനന്തപുരം : വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി മുന്‍ എസ്എഫ്‌ഐ നേതാവ് കെ.വിദ്യയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ലുക്ക് ഔട്ട് നോട്ടീസുമായി കെഎസ്‌യു പ്രതിഷേധം. സംസ്ഥാന പൊലീസ് മേധാവിയുടെ
ഓഫീസിന് മുന്നില്‍ കെഎസ്‌യുവിന്റെ നേതൃത്വത്തില്‍ പോസ്റ്റര്‍ പതിച്ചു. വ്യാഴാഴ്ച വരെ എല്ലാം
ക്യാമ്പസുകളിലും ജില്ലാ കേന്ദ്രങ്ങളിലും പോസ്റ്റര്‍ പതിപ്പിക്കും. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍, തിരുവനന്തപുരം ജില്ലാപ്രസിഡന്റ് ഗോപു നെയ്യാര്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി. മുന്‍ എസ് എഫ് ഐ നേതാവായ വിദ്യ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി തട്ടിപ്പ നടത്തിയെന്നാണ് കേസ്.
2018-19,2020-21 വര്‍ഷങ്ങളില്‍ മഹാരാജാസില്‍ പഠിപ്പിച്ചുവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി, 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ കാലയളവിലാണ് നേരത്തെ വിദ്യ കരിന്തളം ഗവ കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തത്. ആ ജോലി കാലയളവ് പൂര്‍ത്തിയാക്കിയ ശേഷം, കഴിഞ്ഞ വെള്ളിയാഴ്ചയാണ് വ്യാജ രേഖയുമായി കെ വിദ്യ അട്ടപ്പാടി കോളേജിലെത്തിയത്. എക്‌സ്പീരിയന്‍സ് രേഖയില്‍ സംശയം തോന്നിയ അട്ടപ്പാടി കോളേജ് പ്രിന്‍സിപ്പല്‍ മഹാരാജസ് കോളേജിനോട് വിവരം തേടി. വിദ്യ അധ്യാപികയായിരുന്നില്ലെന്ന് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ രേഖാമൂലം മറുപടി നല്‍കി. ഇതോടെയാണ് തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്നത്.
ഇന്ന് മഹാരാജാസ് കോളേജില്‍ പൊലീസ് തെളിവ് ശേഖരണം നടന്നു. അധ്യാപകരില്‍ നിന്നും വൈസ് പ്രിന്‍സിപ്പലില്‍ നിന്നും പൊലീസ് വിവരം തേടി. വിദ്യയുടെ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് വ്യക്തമാണെന്ന് കോളേജ് വെസ് പ്രിന്‍സിപ്പല്‍ ബിന്ദു ഷര്‍മിള അറിയിച്ചു. വിദ്യ സമര്‍പ്പിച്ച രേഖയിലെ സെക്ഷന്‍ നമ്പര്‍ തെറ്റാണ്. അതിലുള്ള എംബ്ലം മഹാരാജാസില്‍ നിന്നും ഇഷ്യൂ ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമാണ്.
കഴിഞ്ഞ പത്ത് വര്‍ഷമായി മലയാളം വിഭാഗത്തില്‍ ഗസ്റ്റ് ലക്ച്ചററെയും നിയമിച്ചിട്ടില്ല. അത്തരത്തിലൊരു എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് കോളേജില്‍ നിന്നും ഇഷ്യൂ ചെയ്തിട്ടില്ലെന്നും മറ്റൊരു സ്‌കോളര്‍ഷിപ്പിനായി നല്‍കിയ സര്‍ട്ടിഫിക്കറ്റിലെ ഒപ്പും സീലും ഉപയോഗിച്ചാണ് വിദ്യ വ്യാജ രേഖയുണ്ടാക്കിയതെന്നാണ് സംശയിക്കുന്നതെന്നും വെസ് പ്രിന്‍സിപ്പല്‍ മാധ്യമങ്ങളുടെ മുന്നില്‍ വ്യക്തമാക്കി.