കോഴിക്കോട്: രണ്ടു വര്‍ഷം മാത്രം നീളുന്ന ഉദ്യോഗസ്ഥഭരണം അവസാനിക്കാതെ ലക്ഷദ്വീപ് രക്ഷപ്പെടില്ലെന്ന് സംവിധായിക അയിഷ സുല്‍ത്താന. നമ്മള്‍ അനുഭവിക്കാത്ത ജീവിതം കെട്ടുകഥയാണെന്ന് ബെന്യാമിന്‍ എഴുതിയിട്ടുണ്ട്. ലക്ഷദ്വീപില്‍ തങ്ങളനുഭവിക്കുന്ന ജീവിതം പലര്‍ക്കും കെട്ടുകഥയായി തോന്നും. പുറത്തുനിന്നുളളവര്‍ക്ക് വന്നു കാണാനാഗ്രഹമുള്ള സ്വപ്നതുല്യമായ സ്ഥലമാണ് ലക്ഷദ്വീപ്. എന്നാല്‍ ഇവിടെ ഓരോ വീട്ടിലും അനേകം ദുരിതകഥ പറയാനുണ്ടാവുമെന്നും അയിഷ സുല്‍ത്താന പറഞ്ഞു. യുവകലാസാഹിതിയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അയിഷ.
രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടി ഇത്ര വര്‍ഷം കഴിഞ്ഞിട്ടും സ്വാതന്ത്ര്യം കിട്ടാത്ത സ്ഥലമാണ് ലക്ഷദ്വീപ്. ഇവിടെ ഉദ്യോഗസ്ഥ ഭരണമാണ്. രണ്ടു വര്‍ഷം കൂടുമ്പോള്‍ മാറിമാറി വരുന്ന ഉദ്യോഗസ്ഥരാണ് ഭരിക്കുന്നത്. അവര്‍ ഒരുതരത്തിലുള്ള വികസനവും നടപ്പാക്കുന്നില്ലെന്നും ആയിഷ സുല്‍ത്താന പറഞ്ഞു.
”വെള്ളത്തിനു വേണ്ടിയും മരുന്നിനുവേണ്ടിയും ഡോക്ടര്‍ക്കുവേണ്ടിയും വൈദ്യുതിക്കുവേണ്ടിയും സ്‌കൂളിനുവേണ്ടിയും ക്ലാസ്‌റൂമിനുവേണ്ടിയും സമരം ചെയ്യേണ്ടിവരുന്ന നാടാണ് ലക്ഷദ്വീപ്. ഒരു നാടിനുവേണ്ട ഒന്നും കിട്ടാത്ത ഇടമാണത്. ഇവിടെയാണ് പ്രഫുല്‍ പട്ടേല്‍ വന്ന് ബാറുണ്ടാക്കാന്‍ ശ്രമിക്കുന്നത്. മദ്യനിരോധനമുള്ള നാട്ടില്‍നിന്നു വന്നയാളാണ് ലക്ഷദ്വീപില്‍ ബാര്‍ ഉണ്ടാക്കി മദ്യവില്‍പന നടത്താന്‍ ശ്രമിക്കുന്നത്.’
”നിലവില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്ലാത്ത നാടാണ് ലക്ഷദ്വീപ്. ഇത്തരം ഒരു കേസുപോലും ലക്ഷദ്വീപില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. രാത്രിപോലും സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഒറ്റയ്ക്കു യാത്ര ചെയ്യാവുന്ന സ്ഥലമാണ്. ഇവിടെയാണ് മദ്യവില്‍പന നടത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. ആള്‍താമസമില്ലാത്ത ദ്വീപുകളില്‍ ബാറുകളുണ്ടാക്കാവുന്നതാണ്. എന്നാല്‍ ജനങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് ബാറുകളുണ്ടാക്കുന്നത് ഇവിടുത്തെ ജനങ്ങളെ തുരത്തിയോടിക്കണമെന്ന ലക്ഷ്യമിട്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.’
”ലക്ഷദ്വീപില്‍ ഒരു രോഗിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നല്ല ചികിത്സ ലഭിക്കാന്‍ ആശുപത്രിയിലെത്തിക്കണം. എന്നാല്‍ സമയത്ത് കപ്പലോ ഹെലികോപ്റ്ററോ ലഭിക്കില്ല. വേണ്ട ചികിത്സ കിട്ടാതെ അനേകം രോഗികളാണ് മരിക്കുന്നത്. എന്നാല്‍ ഇങ്ങനെ മരിക്കുന്നവരുടെ ഒരു കണക്കുമില്ല. ഇന്നും മുറിവ് പച്ചയ്ക്ക് തുന്നിക്കെട്ടുന്ന ആശുപത്രികളുള്ള സ്ഥലമാണ് ലക്ഷദ്വീപ്.’
”അവിടുത്തെ അവകാശലംഘനങ്ങള്‍ മൂലം എനിക്ക് നഷ്ടമായത് സ്വന്തം പിതാവിനെയും സ്വന്തം സഹോദരനെയുമാണ്. മികച്ച ചികിത്സക്കായി കേരളത്തിലേക്കു വരാനുള്ള അനുമതിക്കായി 13 ദിവസമാണ് കാത്തിരിക്കേണ്ടി വന്നത്. ഒടുവില്‍ പിതാവിനെ നഷ്ടപ്പെട്ടു. സഹോദരന് അപകടമുണ്ടായപ്പോള്‍ പച്ചയ്ക്ക് തുന്നിക്കെട്ടി. മുറിവിലെ ചെളിപോലും കളയാതെയാണ് അതു ചെയ്തത്. കേരളത്തിലെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ ഇതുകണ്ട് അമ്പരന്നു. ഒടുവില്‍ സഹോദരനെയും നഷ്ടപ്പെട്ടു. ലക്ഷദ്വീപില്‍ ഇപ്പോഴും ഒരു നല്ല ഡോക്ടറില്ല. കാലാവധി കഴിഞ്ഞ മരുന്നുകളാണ് ലഭിക്കുന്നത്.’
ഇതാണു ഡിജിറ്റല്‍ ഇന്ത്യ. രണ്ടു വര്‍ഷത്തേക്കുള്ള ഭരണം അവസാനിച്ചാലേ ലക്ഷദ്വീപ് രക്ഷപ്പെടൂവെന്ന് അയിഷ സുല്‍ത്താന പറഞ്ഞു. ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന് പുറംലോകത്തോടു പറഞ്ഞതുകൊണ്ട് രാജ്യദ്രോഹിയായ ആളാണു താനെന്നും അയിഷ സുല്‍ത്താന പറഞ്ഞു.