തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ തിരുത്തിയ ഉത്തരവ് ഇന്ന് തന്നെ ഇറക്കുമെന്ന് ധനവകുപ്പ്. ശമ്പള കുടിശ്ശിക തീര്‍ക്കാന്‍ 30 കോടി രൂപ അനുവദിച്ച ഉത്തരവിലായിരുന്നു പിശക് കടന്നുകൂടിയത്. ജൂണ്‍ മാസത്തെ ശമ്പളത്തിന്റെ രണ്ടാം ഗഡുവിന് പകരം ജൂലൈയിലെ ശമ്പളമെന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. ഉത്തരവില്‍ തിരുത്തല്‍ വരുത്തി ഇന്ന് തന്നെ ജൂണിലെ ശമ്പളത്തിന്റെ രണ്ടാം ഗഡു നല്‍കാനാണ് ശ്രമം.
ജൂലൈ മാസം പകുതിയിലായിരുന്നു ജൂണ്‍ മാസത്തെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തത്. 30 കോടി സര്‍ക്കാര്‍ ഫണ്ടും 8.4 കോടി രൂപ ബാങ്ക് ഓവര്‍ ഡ്രാഫ്റ്റും എടുത്താണ് ആദ്യഗഡു ശമ്പളം വിതരണം ചെയ്തത്. രണ്ടാം ഗഡു നല്‍കേണ്ട തീയതിയിലായിരുന്നു ആദ്യ ഗഡു വിതരണം ചെയ്തത്. ശമ്പളം വൈകിയതില്‍ ശക്തമായ പ്രതിഷേധത്തിലായിരുന്നു ജീവനക്കാര്‍.
അതിനിടെ കെഎസ്ആര്‍ടിസി അടച്ചുപൂട്ടാതിരിക്കാന്‍ എന്ത് ചെയ്യാനാകുമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആരാഞ്ഞിരുന്നു. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നയം തീരുമാനിച്ച് നടപ്പാക്കണമെന്നും മാനേജ്മെന്റിനെയും തൊഴിലാളികളെയും വിശ്വാസത്തില്‍ എടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ശമ്പള ഇനത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള ബാക്കി തുക അഞ്ച് ദിവസത്തിനകം നല്‍കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിര്‍ദ്ദേശിച്ചിരുന്നു.