തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രതിസന്ധി സംബന്ധിച്ച് ചീഫ് സെക്രട്ടറി വി വേണു മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് നല്‍കി. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട്. സിഎംഡി ബിജു പ്രഭാകര്‍ രാജിസന്നദ്ധത അറിയിച്ച കാര്യവും മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
അതേസമയം, സമരം തുടരുമെന്ന നിലപാടിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍. മുഴുവന്‍ ശമ്പളവും വിതരണം ചെയ്യാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.
കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധികള്‍ക്ക് കാരണം താനല്ലെന്നാണ് സിഎംഡി ബിജു പ്രഭാകറിന്റെ വാദം. കെഎസ്ആര്‍ടിസി ഇപ്പോള്‍ നന്നായില്ലെങ്കില്‍ ഒരിക്കലും നന്നാകില്ല, അത്രയധികം സമഗ്ര പദ്ധതികള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി സമൂഹ മാധ്യമ വീഡിയോയിലൂടെ വിശദീകരിക്കുമ്പോഴാണ് ശനിയാഴ്ച ഇക്കാര്യം പറഞ്ഞത്. ഏറ്റവും അധികം കാലം കെഎസ്ആര്‍ടിസി എംഡിയായി പ്രവര്‍ത്തിച്ചിട്ടുളള വ്യക്തിയാണ് താന്‍. കെഎസ്ആര്‍ടിസിയുടെ ചരിത്രത്തില്‍ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിയും സിഎംഡിയുമായി ഒരാള്‍ ഇരിക്കുന്നത് ആദ്യമായാണ്. അതിന്റേതായ ഒരുപാട് നേട്ടങ്ങള്‍ കെഎസ്ആര്‍ടിസിയ്ക്ക് ഉണ്ടായിട്ടുമുണ്ട് എന്ന് ബിജു പ്രഭാകര്‍ പറഞ്ഞു.
എന്ത് പറഞ്ഞാലും അതിനെ വളച്ചൊടിച്ച് മറ്റു ജീവനക്കാര്‍ക്ക് വ്യസനം ഉണ്ടാക്കുന്ന രീതി ചില ജീവനക്കാരിലുണ്ട്. അത് യൂണിയനുകളല്ല, ചില ജീവനക്കാരുടെ അജണ്ടയാണ്. അതിനൊരു ഉദാഹരണമാണ് ഇവിടെ നടക്കുന്ന എല്ലാ മരണങ്ങള്‍ക്കും ഉത്തരവാദി സിഎംഡി മാത്രമാണ് എന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പോഷക സംഘടനയുടെ പ്രവര്‍ത്തകന്‍ പറഞ്ഞത്. തന്റെ അച്ഛനെ മോശമായി ചിത്രീകരിച്ച് ബസുകളില്‍ ബോര്‍ഡ് പതിപ്പിച്ച സംഭവമുണ്ടായി. എന്നാല്‍ അവര്‍ക്ക് എതിരെ ഒരു നടപടിയും താന്‍ സ്വീകരിച്ചില്ല. സിഎംഡി നല്ല രീതിയില്‍ സ്ഥാപനത്തെ കൊണ്ടുപോയാല്‍ ചിലരുടെ അജണ്ട നടക്കില്ല എന്നതിനാലാണ് സ്ഥാപനത്തെയും എംഡിയെയും തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് എന്നും ബിജു പ്രഭാകര്‍ പറഞ്ഞു.