കണ്ണൂര്‍: റോഡ് ക്യാമറകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന മട്ടന്നൂര്‍ ആര്‍ ടി ഒ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. 57000 രൂപ വൈദ്യുതി ബില്ല് കുടിശ്ശിക ആയതിനെ തുടര്‍ന്ന് നടപടി. മാസങ്ങളായി വൈദ്യുത ബില്‍ കുടിശ്ശിക ആയ സാഹചര്യത്തിലാണ് നടപടിയെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ അതിന് മറുപടി ലഭിച്ചില്ല. തുടര്‍ന്ന് ഇന്ന് രാവിലെയാണ് കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തി ഫ്യൂസ് ഊരിയത്. വൈദ്യുതി വിച്ഛേദിച്ചതിനെ തുടര്‍ന്ന് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ താറുമാറായ അവസ്ഥയിലാണ്. കണ്ണൂരിലെ മുഴുവന്‍ റോഡ് ക്യാമറ നിരീക്ഷണവും മട്ടന്നൂര്‍ ഓഫീസില്‍ ആണ്.
ഇന്നലെ വൈദ്യുത ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് കാസര്‍കോട് കറന്തക്കാടുള്ള ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെ ഫ്യൂസ് കെഎസ്ഇബി ഊരിയിരുന്നു. വൈദ്യുതി ഇല്ലാത്തതിനാല്‍ ഇന്നലെ അവിടെയും ഓഫീസ് പ്രവര്‍ത്തനം തടസപ്പെട്ടു. 23,000 രൂപ ബില്‍ അടക്കാനുള്ള അവസാന തീയതി ഈ മാസം 26ന് ആയിരുന്നു.
കഴിഞ്ഞ ദിവസം വയനാട് കല്‍പ്പറ്റയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതിയും കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. കെട്ടിടത്തിന്റെ വൈദ്യുതി ബില്‍ അടയ്ക്കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്നായിരുന്നു ഇവിടെയും നടപടി. ബില്ലടയ്ക്കാന്‍ വൈകിയാലും സര്‍ക്കാര്‍ ഓഫീസുകളുടെ വൈദ്യുതി വിച്ഛേദിക്കുന്ന പതിവില്ലെന്ന് എംവിഡി പറയുന്നു. പിന്നാലെ അടിയന്തിര ഫണ്ടില്‍ നിന്ന് പണമെടുത്ത് എംവിഡി ബില്ലടച്ചു. ഇതോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയും ചെയ്തു.
വാഹനത്തില്‍ തോട്ടി കെട്ടിവെച്ച് പോയതിന് കെഎസ്ഇബിക്ക് എഐ ക്യാമറയുടെ നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയത്. ജില്ലയിലെ എഐ ക്യാമറകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്.
കെ.എസ്.ഇ.ബി ലൈന്‍ വര്‍ക്കിനായി തോട്ടിയുമായി പോയ വാഹനമാണ് എ.ഐ കാമറയില്‍ പതിഞ്ഞത്. തുടര്‍ന്ന് കെഎസ്ഇബിയുടെ ജീപ്പിന് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടു. 20,500 രൂപ പിഴയൊടുക്കണമെന്ന് കാണിച്ച് മോട്ടോര്‍വാഹനവകുപ്പ് കെഎസ്ഇബിയ്ക്ക് നോട്ടീസും അയച്ചു. അമ്പലവയല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ ജീവനക്കാര്‍ക്കായി വാടകക്കെടുത്ത കെ.എല്‍. 18 ക്യൂ. 2693 നമ്പര്‍ ജീപ്പിനാണ് എ.ഐ ക്യാമറയുടെ ഷോക്ക് കിട്ടിയത്.
ജൂണ്‍ ആറിന് ചാര്‍ജുചെയ്ത കേസിന് 17 നാണ് നോട്ടീസ് വന്നത്. വണ്ടിയുടെ ചിത്രങ്ങളും പിഴയ്ക്ക് കാരണമായ കുറ്റങ്ങളും സഹിതം എം.വി.ഡിയുടെ കത്തുവന്നതോടെ വാഹന ഉടമ ഞെട്ടി. കാലങ്ങളായി ഇതേ രീതിയില്‍ ഓടുന്ന വാഹനത്തിന് ഭീമമായ തുക പിഴയീടാക്കിയത് കെ.എസ്.ഇ.ബി.ക്കും വലിയ ഷോക്കായി.