മൂവാറ്റുപുഴ : വാഴയില ലൈനില്‍ മുട്ടിയെന്ന പേരില്‍ നാനൂറിലധികം കുലവാഴകള്‍ വെട്ടിനിരത്തി കെ.എസ്.ഇ.ബി. വാരപ്പെട്ടിയില്‍ 220 കെ.വി. ലൈനിന് താഴെയുള്ള ഭൂമിയില്‍ കൃഷി ചെയ്തിരുന്ന 406 ഏത്തവാഴകളാണ് ടച്ചിങ് വെട്ടലിന്റെ പേരില്‍ മുന്നറിയിപ്പില്ലാതെ കെ.എസ്.ഇ.ബി. ജീവനക്കാര്‍ വെട്ടിനശിപ്പിച്ചത്. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കാവുംപുറത്ത് തോസിനും മകന്‍ അനീഷിനും നഷ്ടം ലക്ഷങ്ങളാണ്.
വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം തോമസിന്റെ സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഒന്‍പത് മാസം പ്രായമായ കുലവാഴകളാണിത്. ദിവസങ്ങള്‍ക്കകം വെട്ടി വില്‍ക്കാനാവുംവിധം മൂപ്പെത്തുന്ന കുലകളാണ് ഉപയോഗശൂന്യമായതെന്ന് തോമസിന്റെ മകന്‍ അനീഷ് പറഞ്ഞു.
അനീഷിന്റെ വാക്കുകള്‍ ഇങ്ങനെ:
”വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മൂലമറ്റത്ത് നിന്നെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാര്‍ വാഴകള്‍ വെട്ടിയത്. അന്നേ ദിവസം മുന്‍ മെമ്പര്‍ മരിച്ചുപോയതിനാല്‍ പരിസരവാസികളൊക്കെയും അവിടെതന്നെയായിരുന്നു. ചടങ്ങുകളല്ലൊം കഴിഞ്ഞ് വീടുകളില്‍ തിരിച്ചെത്തിയവരാണ് വാഴയൊക്കെ വെട്ടിയിട്ടിരിക്കുന്നു എന്ന വിവരം ഫോണില്‍ വിളിച്ച് പറഞ്ഞത്. ഒന്നോ രണ്ടോ വാഴയായിരിക്കും വെട്ടിയിട്ടിരിക്കുക എന്നാണ് ഞാന്‍ വിചാരിച്ചത്. അതുകൊണ്ട് തന്നെ ശനിയാഴ്ചയാണ് ഞാനും പപ്പയും കൂടി കൃഷിയിടത്തേക്ക് പോയത്.
രണ്ടര ഏക്കറിലായി 1600 ഏത്തവാഴകളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ അര ഏക്കറിലെ വാഴകളാണ് വെട്ടിനശിപ്പിച്ചത്. വാഴയുടെ കൈ മാത്രമായിരുന്നു വെട്ടിയിരുന്നതെങ്കില്‍ നമുക്ക് കുലയെങ്കിലും കിട്ടിയേനെ.. പക്ഷേ യാതൊരു മനസ്സാക്ഷിയുമില്ലാതെ കുലച്ചുനിന്ന് അത്രയും വാഴകള്‍ വെട്ടിക്കളഞ്ഞു. തലമുറ തലമുറയായി കൃഷി ചെയ്്തുപോരുന്ന കുടുംബം ആണ് ഞങ്ങളുടേത്. സംഭവദിവസം ഒരു വാഴയുടെ ഇല ലൈനില്‍ മുട്ടി കത്തിനശിച്ചിരുന്നു എന്നാണ് മൂലമറ്റത്തെ ഓഫീസിലുള്ളവരോട് ചോദിച്ചപ്പോള്‍ പറഞ്ഞത്. അതിന് വാഴക്കൈ വെട്ടിയാല്‍ മതിയായിരുന്നല്ലോ… ഇത്രയും ദ്രോഹം ഞങ്ങളോട് ചെയ്തത് എന്തിന് എന്ന് ചോദിച്ചപ്പോള്‍ അവര്‍ക്ക് അറിയില്ല. അവരുടെ അറിവോടെയല്ല അത് ചെയതത് എന്ന മറുപടി മാത്രമാണ് കിട്ടിയത്.
ടവര്‍ ലൈന്‍ സ്ഥാപിച്ചിട്ട് ഇന്നുവരെയും അതിന്റെ അറ്റകുറ്റപണികള്‍ക്കായി ആരും ഈ ഭാഗത്തേക്ക് വന്നിട്ടില്ല. രണ്ട് ടവറുകള്‍ക്കിടയില്‍ അകലം കൂടുതലായത് കൊണ്ട് ലൈനുകളില്‍ ഒന്ന് താഴ്ന്നിരിക്കുന്നതാണ് വാഴയിലയില്‍ മുട്ടാന്‍ കാരണം. അതുകൊണ്ട് അപകടം ഒഴിവാക്കാന്‍ ചെയ്തതാണ് എന്നാണ് അധികാരികള്‍ മറ്റ് മാധ്യമങ്ങളോട് പറഞ്ഞത്. എങ്കില്‍ എന്തുകൊണ്ട് ആ കൃഷിയിടത്തിന്റെ ഉടമകളായ ഞങ്ങളോട് അത് പറഞ്ഞില്ല.. ഞങ്ങള്‍ക്കുണ്ടായ ഈ നഷ്ടത്തിന് ആരോട് ചോദിക്കും. വാഴക്കൈ വെട്ടിനീക്കിയാല്‍ തീരാവുന്ന പ്രശ്നത്തിന് പകരം ഇത്രയും ദ്രോഹം ഞങ്ങളോട് എന്തിന് ചെയ്തുവെന്നാണ് മനസിലാകാത്തത്. ഇന്‍ഷുര്‍ ചെയ്തിട്ടുണ്ടെങ്കിലും വെട്ടിനീക്കിയത് കാരണം നഷ്ടപരിഹാരം ലഭിക്കില്ലെന്ന് അനീഷ് കണ്ണീരോടെ പറഞ്ഞു. ഇതുസംബന്ധിച്ച് കൃഷി മന്ത്രിക്ക് പരാതി കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ് ഞങ്ങള്‍”.