കൊച്ചി: കൊച്ചി നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ പദത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി. കോണ്‍ഗ്രസ് പക്ഷത്തെ ഒരു വോട്ട് അസാധുവായതോടെ മൂന്നിനെതിരെ നാല് വോട്ടുകള്‍ക്ക് സിപിഎം സ്ഥാനാര്‍ത്ഥി ജയിച്ചു. സിപിഎമ്മിനെ വിഎ ശ്രീജിത്താണ് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്.
കോണ്‍ഗ്രസില്‍ നിന്ന് ബാസ്റ്റിന്‍ ബാബുവാണ് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത്. ഒന്‍പതംഗ സ്റ്റാന്റിങ് കമ്മിറ്റിയില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും നാല് വീതം അംഗങ്ങളും ബിജെപിക്ക് ഒരംഗവുമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ നിന്ന് ബിജെപി അംഗം പത്മജ എസ് മേനോന്‍ വിട്ടുനിന്നിരുന്നു. ഇതോടെ വോട്ടെടുപ്പില്‍ തുല്യനില വരുമെന്നും നറുക്കെടുപ്പിലൂടെ അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ടി വരുമെന്നുമാണ് കരുതിയത്.
എന്നാല്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ കഥ മാറി. കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായതോടെ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി വിജയിക്കുകയായിരുന്നു. നേരത്തെ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസത്തില്‍ യുഡിഎഫിനൊപ്പം ബിജെപി അംഗമായ പത്മജ എസ് മേനോന്‍ വോട്ട് ചെയ്തിരുന്നു. യുഡിഎഫിനെ പിന്തുണച്ചത് ബിജെപിയില്‍ വലിയ തര്‍ക്കത്തിന് കാരണമാവുകയും പത്മജ എസ് മോനെതിരെ പാര്‍ട്ടി തീരുമാനത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് ബിജെപി നടപടി എടുത്തിരുന്നു.