തിരുവനന്തപുരം:സംസ്ഥാനത്ത് ആശങ്കയായി ഡെങ്കിപ്പനി വ്യാപനം. പൂര്‍ണ ആരോഗ്യമുള്ള ചെറുപ്പക്കാരടക്കം 25 പേരുടെ ജീവനാണ് ഈ മാസം ഡെങ്കിപ്പനി കവര്‍ന്നത്. മിക്ക ജില്ലകളിലും ആശുപത്രി കിടക്കകള്‍ പനിബാധിതരെക്കൊണ്ട് നിറഞ്ഞു. കേരളം പനിച്ചുവിറയ്ക്കുമ്പോഴും കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ പേരിനു പോലും നടക്കുന്നില്ല. ശുദ്ധജലത്തില്‍ പോലും വളരുന്ന ചെറിയ കൊതുകുകളാണ് ഡെങ്കിപ്പനിക്കു കാരണമാകുന്നത്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 21 മരണം രേഖപ്പെടുത്തി. ഇന്നലെ മരിച്ച 4 പേര്‍ കൂടി ചേരുമ്പോള്‍ മരണസംഖ്യ 25 ആയി. 1,211 പേര്‍ക്ക് 21 ദിവസത്തിനിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 3,710 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. ജൂലൈയോടെ ഡെങ്കിപ്പനി വ്യാപനം പാരമ്യത്തിലെത്തുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാ വര്‍ഷവും മേയ് മുതല്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഈ വര്‍ഷവും ഡെങ്കിപ്പനി ഉണ്ടാകുമെന്ന് അറിയാമായിരുന്നെങ്കിലും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ നാട്ടുകാരെ ബോധിപ്പിക്കാന്‍ പോലും കണ്ടില്ല. മാലിന്യ നീക്കവും അവതാളത്തിലാണ്.
നേരത്തെ ഒരു ബോധവത്കരണ ശ്രമവും നടത്താതിരുന്ന ആരോഗ്യ വകുപ്പ് പനി പടര്‍ന്നു പിടിച്ചതിനു ശേഷമാണ് ‘മാരിയില്ലാ മഴക്കാല’മെന്ന ക്യാംപയിനുമായി രംഗത്തിറങ്ങിയത്. ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 13,000 കടന്നു. മിക്ക ജില്ലകളിലും സര്‍ക്കാര്‍ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞു. ഇതോടെ സ്വകാര്യ ആശുപത്രികളോട് പനി ബാധിതര്‍ക്കായി കിടക്കകള്‍ മാറ്റി വയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നാളെയും ശനി , ഞായര്‍ ദിവസങ്ങളിലും പരിസര ശുചീകരണത്തിനു സര്‍ക്കാര്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്.